ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ പള്ളക്ക് കുത്തി; മോഹന്‍ലാലിന് ദേഷ്യം വന്നു ! സിനിമ സെറ്റില്‍ നാടകീയ രംഗങ്ങള്‍

തിങ്കള്‍, 21 മാര്‍ച്ച് 2022 (11:05 IST)
പൊതുവെ എല്ലാവരോടും വളരെ സൗമ്യമായി പ്രതികരിക്കുന്ന താരമെന്നാണ് മോഹന്‍ലാലിനെ കുറിച്ച് സിനിമ ഇന്‍ഡസ്ട്രിക്കുള്ളില്‍ ഉള്ളവര്‍ പറയുന്നത്. ലാലിന് അത്ര പെട്ടന്നൊന്നും ദേഷ്യം വരില്ലെന്നും എല്ലാവരോടും ഡിപ്ലോമാറ്റിക് ആയി പെരുമാറാന്‍ അറിയുമെന്നും പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍, കിളിച്ചുണ്ടന്‍ മാമ്പഴം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ ഒരു ആരാധകനോട് മോഹന്‍ലാല്‍ ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ച് നടന്‍ ശ്രീനിവാസന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ചെറുതുരുത്തിയില്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ഷൂട്ടിങ് കാണാന്‍ കുറച്ച് പേര്‍ അവിടെ നില്‍ക്കുന്നുണ്ട്. ഷോട്ട് എടുക്കാത്ത സമയത്ത് ഒരു പഴയ വീടിന്റെ പടിക്കല്‍ ഇരുന്ന് താനും മോഹന്‍ലാലും കൊച്ചിന്‍ ഹനീഫയും തിരക്കഥാകൃത്ത് ടി.ദാമോദരന്‍ മാഷും സംസാരിക്കുകയായിരുന്നു. അതിനിടയില്‍ ഷൂട്ടിങ് കണ്ടുനിന്നിരുന്ന കൂട്ടത്തില്‍ നിന്ന് ഒരാള്‍ ചാടിവന്ന് മോഹന്‍ലാലിന്റെ പള്ളക്ക് വിരല്‍ കുണ്ടി കുത്തിയെന്ന് ശ്രീനിവാസന്‍ പറഞ്ഞു. 
 
'ലാലേട്ടാ, ഞങ്ങളെയൊക്കെ ഒന്ന് മൈന്‍ഡ് ചെയ്യ്' എന്നും പറഞ്ഞാണ് ഇയാള്‍ പള്ളക്ക് കുത്തിയത്. ലാലിന് വേദനയെടുത്തു. ഇയാളോട് ലാല്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. പള്ളക്ക് കുത്തിയാണോ ഒരാളോട് കുശലം ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ ഇയാളുടെ മുഖത്ത് നോക്കി പറഞ്ഞു. ലാലേട്ടന്റെ ആരാധകനായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു അയാളുടെ മറുപടി. ആരാധനയൊക്കെ അവിടെ നില്‍ക്കട്ടെ ഇങ്ങനെയാണോ ഒരാളോട് പെരുമാറുക എന്ന് ദേഷ്യത്തോടെ ലാല്‍ ചോദിച്ചു. 
 
ഒരു പലച്ചരക്ക് കടയില്‍ പോയി കടക്കാരന്റെ മുഖത്ത് കുത്തിയാണോ ഒരു കിലോ പഞ്ചസാര വേണമെന്ന് താന്‍ പറയാറെന്ന് ലാല്‍ ചോദിച്ചു. പലചലച്ചരക്ക് കടക്കാരനോട് തനിക്ക് ആരാധനയില്ലല്ലോ എന്നാണ് ഇയാള്‍ അപ്പോള്‍ മോഹന്‍ലാലിനോട് ചോദിച്ചത്. യഥാര്‍ഥത്തില്‍ മോഹന്‍ലാലിനെ ഈ സംഭവം വല്ലാതെ പ്രകോപിപ്പിച്ചെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍