Meenakshi Raveendran: വസ്ത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്ന സദാചാരവാദികളേയും തന്റെ ചിത്രങ്ങള്‍ ദുരുപയോഗിക്കുന്ന ഓണ്‍ലൈണ്‍ പാപ്പരാസികളേയും വിമര്‍ശിച്ച് നടി മീനാക്ഷി രവീന്ദ്രന്‍. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ചില ആളുകളുടെ ചിന്താരീതികള്‍ക്ക് കുഴപ്പമുണ്ടെന്നും മീനാക്ഷി പറഞ്ഞു. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മീനാക്ഷി മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
' വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ. നാടിന്റെ സംസ്‌കാരം ഒക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണ്. നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന എന്തെല്ലാം കാര്യങ്ങള്‍ പരിണമിച്ചു വന്നിട്ടുണ്ട്. പക്ഷേ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മാത്രം ഇപ്പോഴും സദാചാരവുമായി വരും. വസ്ത്രധാരണം എന്റെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. ഞാന്‍ അതില്‍ തൃപ്തയാണ്. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കിഷ്ടമുള്ളതു പോലെ ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ല. വസ്ത്രധാരണം മറ്റെന്തിനോ ഉള്ള 'യെസ്' അല്ല. നമ്മള്‍ എങ്ങനെ വസ്ത്രമിട്ടാലും അതുവെച്ച് നമ്മളെ ജഡ്ജ് ചെയ്യാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല,' മീനാക്ഷി പറഞ്ഞു.
' ഞാന്‍ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വീഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലര്‍ അതിലൂടെ എന്റെ സ്വകാര്യ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോള്‍ പോലും മുകളില്‍ നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്തു സ്ലോ മോഷനില്‍ എഡിറ്റ് ചെയ്തിടുകയാണ്. വീഡിയോയില്‍ കാണുമ്പോള്‍ ഭയങ്കര വൃത്തികേടാണ്. അതിലേക്കു സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവര്‍ അത് പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടി വരുമ്പോള്‍ അവളുടെ മുഖത്തു നോക്കി മുന്നില്‍ നിന്ന് ഷൂട്ട് ചെയ്യാന്‍ കഴിയാത്തത്,' മീനാക്ഷി ചോദിച്ചു.