ഒരു രക്ഷയുമില്ല! 2017 മമ്മൂട്ടിയുടെ കൈകളിൽ ഭദ്രം; ഒന്നല്ല, അഞ്ച്!
ശനി, 10 ഡിസംബര്‍ 2016 (12:25 IST)
2016 യുവതാരങ്ങളുടെ കൈപ്പിടിയിലേക്ക് ഒതുങ്ങുന്നതായിട്ടാണ് കണ്ടത്. ഒപ്പം, പുലിമുരുകൻ എന്നീ മോഹൻലാൽ ചിത്രങ്ങൾ ഒഴിച്ചാൽ ഹിറ്റായതും പ്രേക്ഷപ്രശംസകൾ കൈ നിറയെ വാങ്ങിയതും യുവതാരങ്ങളുടെ ചിത്രങ്ങൾ തന്നെ. കസബ, തോപ്പിൽ ജോപ്പൻ, പുതിയ നിയമം എന്നീ ചിത്രങ്ങൾ മമ്മൂട്ടിയുടേതായി ഇറങ്ങിയെങ്കിലും മികച്ച വിജയമാക്കാനോ വേണ്ടത്ര കളക്ഷൻസ് സ്വന്തമാക്കാനോ ആയിട്ടില്ല. എന്നാൽ, മെഗാസ്റ്റാർ മമ്മൂട്ടിക്ക് അതൊന്നും പ്രശ്നമല്ല, 2016 പോയെങ്കിൽ പോട്ടെ 2017 ഉണ്ടല്ലോ.
ശരിയാണ്, നവചിന്തകൾക്കൊപ്പം നടന്ന് നവാഗതർക്ക് എപ്പോഴും അവസരം നൽകുന്ന അദ്ദേഹം അടുത്ത വർഷവും തിരക്കിനിടയിലായിരിക്കും. അടുത്ത വർഷം മമ്മൂട്ടിയുടേതായി അഞ്ച് ചിത്രങ്ങളാണ് ഇറങ്ങുന്നത്. ഇതിൽ ആദ്യമെത്തുന്നത് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദർ ആണ്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫദർ ഒരു അഡാറ് ഐറ്റം തന്നെയാണ്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗ്രേറ്റ്ർ ഫാദർ എന്നതിൽ സംശയമില്ല.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ചിത്രതിന്റെ മോഷൻ പോസ്റ്റർ, ടീസർ എന്നിവ അധികം വൈകാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഡബ്ബിങ്ങ്, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 27നു റിലീസ് ആകുന്ന ചിത്രത്തിൽ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്.
ഹിറ്റ് ചിത്രങ്ങൾക്കായി ഒന്നിച്ച മമ്മൂട്ടി- രഞ്ജിത് ടീം വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്ത വന്നതുമുതൽ ആരാധകർ ആകാംഷയിലാണ്. പരുക്കൻ വേഷത്തിലെത്തുന്ന നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇനിയ ആണ് നായിക. കൊമ്പൻ മീശയോടു കൂടിയ മമ്മൂട്ടിയുടെ ലുക്ക് കാഴ്ചയിൽ തന്നെ വേറിട്ട് നിൽക്കുന്നതാണ്. കള്ളപ്പണത്തിന്‍റെയും കള്ളക്കച്ചവടത്തിന്‍റെയും കഥയായിരിക്കും പുത്തന്‍ പണം പറയുക. നോട്ടിനായുള്ള നെട്ടോട്ടവും തിരിമറികളും സമകാലിക സംഭവങ്ങളും ചിത്രത്തിൽ പറയും.
സെവൻത് ഡേ എന്ന പൃഥ്വിറ്റാജ് ചിത്രത്തിലൂടെ ത്രില്ലർ സിനിമയ്ക്ക് പുതിയൊരു മുഖം നൽകിയ സംവിധായകനാണ് ശ്യാംധർ. പുത്തൻപണത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്നത് ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, സെവൻത് ഡേ പോലൊരു ത്രില്ലർ മൂവി ആയിരിക്കുമോ ഇതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
മികച്ച കൂട്ടുകെട്ടായ റാഫിയും ഷാഫിയും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. നടൻ സിദ്ദിഖാണ് ചിത്രം നിർമിക്കുന്നത്. ഇതിനൊപ്പം നടൻ മധുബാൽ സംവിധാനം ചെയ്യുന്ന കർണനും അടുത്ത് തന്നെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതോടൊപ്പം ദേശീയ പുരസ്കാരം നേടിയ സംവിധായകൻ റാം സംവിധാനം ചെയ്യുന്ന പേരൻപ് എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. 2017ൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ശരത് കുമാർ, കനിഹ, അഞ്ജലി എന്നിവർ അഭിനയിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്കെത്തുന്ന സിനിമ കൂടിയാണ് പേരൻപ്.