ജോജു ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോസഫ്. ജോജുവിലെ സ്റ്റാർ മെറ്റിരിയൽ പുറത്തെടുത്ത ചിത്രമായിരുന്നു ഇത്. ഒരു വിരമിച്ച പൊലീസുകാരന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ സിനിമയുടെ തിരക്കഥ രചിച്ചത് ഷാഹി കബീറായിരുന്നു. ഇമോഷണൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയിലൂടെ ജോജുവിന് ആ വർഷത്തെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി ആയിരുന്നു ജോസഫ് ആകേണ്ടിയിരുന്നതെന്ന് പറയുകയാണ് ഷാഹി കബീർ.
'ജോസഫ് എന്ന സിനിമയ്ക്കായി മമ്മൂട്ടിയെ ആലോചിച്ചിരുന്നു, പക്ഷെ അദ്ദേഹത്തോട് കഥ പറയാനായില്ല. ജോർജേട്ടനോട് (നിർമാതാവ് ജോർജ്) മാത്രമാണ് കഥ പറഞ്ഞത്. അത് ഒരു ചെറുകഥയുടെ അത്രേ മാത്രമേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് വലിച്ചുനീട്ടി പറയേണ്ട എന്ന് കരുതി ചുരുക്കി പറഞ്ഞതാണ്. പിന്നീട് ആ കഥയുടെ വൺലൈൻ എഴുതിയെങ്കിലും അദ്ദേഹവുമായി സംസാരിക്കാനോ കാണുവാനോ കഴിഞ്ഞില്ല. പിന്നീടാണ് ജോജുവിലേക്ക് എത്തുന്നത്,' എന്ന് ഷാഹി കബീർ പറഞ്ഞു.
2018 ലാണ് ജോസഫ് പുറത്തിറങ്ങുന്നത്. ദേശീയ പുരസ്കാര വേദിയിലെ പ്രത്യേക പരാമർശവും ആ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുൾപ്പടെ മൂന്ന് പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, ഇർഷാദ്, മാളവിക തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.