ഒരു ഫ്രഞ്ച് സിനിമയിൽ നിന്നാണ് മറവത്തൂർ കനവുണ്ടായത്, പക്ഷെ കന്മദത്തെ പൊളിച്ചടുക്കി !

ജോൺസി ഫെലിക്‌സ്

ബുധന്‍, 12 ഓഗസ്റ്റ് 2020 (14:39 IST)
വലിയ ഹിറ്റുകള്‍ തനിയെ ജനിക്കുകയാണ് എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകള്‍ക്ക് ഒരു രസക്കൂട്ടുണ്ടെന്നുള്ളത് സത്യം. ആ രസക്കൂട്ട് മനസിലാക്കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍. ഒരു മറവത്തൂര്‍ കനവ് ആ രസക്കൂട്ടിന്‍റെ വിജയമായിരുന്നു.
 
ലാല്‍ ജോസ് എന്ന സംവിധായകന്‍റെ ആദ്യചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി അങ്ങോട്ടുചോദിച്ചുകൊടുത്ത ഡേറ്റായിരുന്നു ലാല്‍ ജോസിന്. മമ്മൂട്ടിയാണ് താരമെങ്കിലും ലോഹിതദാസോ ശ്രീനിവാസനോ തിരക്കഥ നല്‍കിയാല്‍ മാത്രം പടം ചെയ്യാമെന്ന ലൈനായിരുന്നു ലാല്‍ ജോസിന്‍റേത്. ഒടുവില്‍ ലാലുവിന് ശ്രീനി തിരക്കഥയെഴുതിക്കൊടുത്തു. മറവത്തൂര്‍ ചാണ്ടിയുടെ സാഹസികതയുടെയും സ്നേഹത്തിന്‍റെയും കഥ. 1998ല്‍ വിഷു റിലീസായാണ് മറവത്തൂര്‍ കനവ് പ്രദര്‍ശനത്തിനെത്തിയത്.
 
ചിത്രത്തിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത് ലോഹിതദാസിന്‍റെ മോഹന്‍ലാല്‍ ചിത്രമായ കന്‍‌മദമായിരുന്നു. കന്‍‌മദം മികച്ച ചിത്രമെന്ന പേരെടുത്തെങ്കിലും ബോക്സോഫീസില്‍ തകര്‍ത്തുവാരിയത് മറവത്തൂര്‍ ചാണ്ടിയായിരുന്നു.
 
ദിവ്യാ ഉണ്ണി നായികയായ ചിത്രത്തില്‍ ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി, സുകുമാരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി.
 
ജീന്‍ ഡി ഫ്ലോററ്റ് എന്ന ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ശ്രീനിവാസന്‍ ഒരു മറവത്തൂര്‍ കനവ് എഴുതിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം തമിഴ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂര്‍ണ മലയാളചിത്രമായാണ് കേരളക്കരമുഴുവന്‍ നെഞ്ചിലേറ്റിയത്.
 
150ലധികം ദിവസം പ്രദര്‍ശിപ്പിച്ച ഒരു മറവത്തൂര്‍ കനവ് 1998ലെ ഏറ്റവും വലിയ ഹിറ്റായി മാറി.
 
വാല്‍‌ക്കഷണം: ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ സഹായികളും സുഹൃത്തുക്കളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് കലാഭവന്‍ മണിയും അഗസ്റ്റിനും ജെയിംസുമായിരുന്നു. ഈ മൂന്നുപേരും ഇന്ന് ജീവനോടെയില്ല എന്നത് മറവത്തൂര്‍ കനവിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെയുള്ള വേദനയാണ്. ഒപ്പം സുകുമാരിയമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍