ബിഗ് ബിയേക്കാൾ മാസ്? ബിലാൽ സംഭവിക്കും! - അമൽ നീരദ് പറയുന്നു

എസ് ഹർഷ

തിങ്കള്‍, 20 നവം‌ബര്‍ 2017 (12:08 IST)
മമ്മൂട്ടിയും അമല്‍ നീരദും ഒരു ഡ്രീം കോമ്പിനേഷനാണ്. മലയാളത്തിന് ‘ബിഗ്ബി’ എന്ന സ്റ്റൈലിഷ് ചിത്രം സമ്മാനിച്ച കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണെന്ന റിപ്പോർട്ട് കേരളക്കര ഒന്നാകെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. 
 
ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന ഓരോ സിനിമാ പ്രേമിയുയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അമല്‍ നീരദ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും. 
 
10 വർഷങ്ങൾക്ക് മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാരുടെ അതിജീവനത്തിനായിട്ടായിരുന്നു ബിഗ് ബി നിർമിച്ചതെന്ന് സംവിധായകൻ അമൽ നീരദ് പറയുന്നു. മലയാളികളുടെ മനസ്സിൽ ബിലാൽ ഇത്ര ആവേശകരമായി നിറഞ്ഞു നിൽക്കുമെന്ന് സംവിധായകൻ പോലും കരുതിയിരുന്നില്ല. 
 
ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം - അതാണ് 'ബിലാൽ'.
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
 
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍