വാഹനത്തോടുള്ള മമ്മൂട്ടിയുടെ കമ്പം ആരാധകർക്ക് മാത്രമല്ല, വിമർശകർക്കും വ്യക്തമായി അറിയാവുന്നതാണ്. വളയം കയ്യിൽ കിട്ടിയാൽ പറക്കുന്ന കാര്യത്തിൽ മമ്മൂട്ടിയെ കഴിഞ്ഞേ ആളുള്ളു. എന്നാൽ, മെഗാസ്റ്റാറിനേയും വഹിച്ചുകൊണ്ട് മറ്റൊരാൾ വാഹനം പറത്തിയിട്ടുണ്ട്. മറ്റാരുമല്ല, ഐ എം വിജയൻ.
മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് 'ഗ്രേറ്റ് ഫാദർ'. ചിത്രത്തിൽ ഒരു ഗുണ്ടയുടെ വേഷമാണ് ഐ എം വിജയൻ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് സംഭവം. മമ്മൂട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സീനാണ് ചെയ്യേണ്ടത്. വാഹനത്തിന്റെ മുന്നില്‍ വലിയൊരു ക്യാമറ വച്ചിട്ടുണ്ട്. അതിന്റെ ഇടയിലൂടെ നോക്കി വേണം വണ്ടിയുമായി പറക്കാന്‍. മുന്നോട്ട് കാര്യമായി ഒന്നും കാണുന്നില്ല. ഇടയ്ക്ക് പിറകോട്ട് തിരിഞ്ഞുനോക്കി സംസാരിക്കുകയും വേണം. ഐ എം വിജയൻ പറയുന്നു.
അടുത്തിരിക്കുന്നത് മമ്മൂട്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ ആകെ ചങ്കിടിപ്പായി. വണ്ടി കൊണ്ട് പറക്കുന്ന ആളാണ്. ബുദ്ധിമുട്ടാണല്ലോ ഓടിക്കാന്‍ എന്നായിരുന്നു കയറിയ പാടെ മമ്മൂട്ടിയുടെ കമന്റ്. അതോടെ പക്ഷേ, ധൈര്യമായി. പിന്നെ ഒരൊറ്റ പറക്കലാണ്. പെട്ടന്ന് തന്നെ സീന്‍ ഷൂട്ട് ചെയ്തു. അടിപൊളിയായി എന്നൊരു കമന്റും പാസാക്കിയാണ് മമ്മൂട്ടി ഇറങ്ങിപ്പോയത്. വിജയൻ പറയുന്നു.