ആയിരവും അഞ്ഞൂറും നിരോധിച്ചതിന്റെ പിന്നാമ്പുറക്കഥകൾ ഇനി മമ്മൂട്ടി പറയും!

വ്യാഴം, 10 നവം‌ബര്‍ 2016 (16:09 IST)
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമക്ക് പേരിട്ടു. പുത്തൻ പണം അഥവാ ദ ന്യു ഇന്ത്യൻ റുപ്പി. കള്ളപ്പണത്തിന്റെ പ്രചരണ വഴികളും, പഴയ നോട്ടുകൾ പിൻവലിച്ചതും പുതിയ നോട്ടുകൾ നിലവിൽ വന്ന സാഹചര്യവും സിനിമയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 
 
കള്ളപ്പണം പ്രമേയമാക്കുന്ന രഞ്ജിതിന്റെ മൂന്നാമത്തെ ചിത്രമാണിത്. രേവതി, ശ്വേത മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങ‌ളാക്കി വി എം വിനു സംവിധാനം ചെയ്ത പെൺപട്ടണം എന്ന ചിത്രത്തിന്റെ കഥ രഞ്ജിതിന്റേതായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഇന്ത്യൻ റുപ്പി എന്നൊരു സിനിമയും രഞ്ജിത് ചെയ്തിരുന്നു. 
 
മമ്മൂട്ടിയും രഞ്ജിതും ഒന്നിച്ച പ്രാഞ്ചിയേട്ടൻ, പാലേരി മാണിക്യം, കടൽ കടന്നൊരു മാത്തുകുട്ടി എന്നീ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ സിനിമയെന്ന് രഞ്ജിത് വ്യക്തമാക്കിയിരുന്നു. കാഷ്മോര, മാരി എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണ് ക്യാമറ. ഇനിയ, രണ്‍ജി പണിക്കര്‍,സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്ജ് എന്നീ താരങ്ങള്‍ പുത്തന്‍ പണത്തിലുണ്ടാകും.

വെബ്ദുനിയ വായിക്കുക