ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ മമ്മൂട്ടിക്ക് ടെന്‍ഷന്‍; അന്ന് മെഗാസ്റ്റാര്‍ പറഞ്ഞത് ഇങ്ങനെ

വ്യാഴം, 3 ഫെബ്രുവരി 2022 (09:41 IST)
താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം എന്ന പദവിയിലേക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ അഭിനയ രംഗത്തേക്ക് എത്തിയത്. അതിനു മുന്‍പ് പ്രശസ്തരായ നിരവധി സംവിധായകര്‍ ദുല്‍ഖറിനായി കാത്തുനിന്നെങ്കിലും മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയില്‍ അവസരം വാങ്ങിയെടുക്കുന്നതിനോട് ദുല്‍ഖറിന് എതിര്‍പ്പായിരുന്നു. അങ്ങനെയാണ് നവാഗതനായ ശ്രീനാഥുമൊത്ത് സിനിമ ചെയ്യാന്‍ ദുല്‍ഖര്‍ തീരുമാനിച്ചത്. 
 
ദുല്‍ഖര്‍ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് വലിയ ടെന്‍ഷന്‍ ആയിരുന്നെന്ന് പഴയൊരു അഭിമുഖത്തില്‍ നടന്‍ സിദ്ധിഖ് പറഞ്ഞിട്ടുണ്ട്. 'ദുല്‍ഖര്‍ വളരെ പതിഞ്ഞ സ്വഭാവക്കാരനാണ്. വീട്ടില്‍ പോയി സംസാരിക്കുന്ന സമയത്ത് വളരെ കുറച്ചേ ദുല്‍ഖര്‍ സംസാരിക്കൂ. ചിലപ്പോള്‍ ശബ്ദം പോലും പുറത്തേക്ക് വരില്ല. അങ്ങനെയുള്ള ദുല്‍ഖര്‍ സിനിമ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ടെന്‍ഷന്‍ തോന്നി. മമ്മൂക്കയ്ക്കും ഈ ടെന്‍ഷന്‍ ഉണ്ടായിരുന്നു. മമ്മൂക്ക, ഇവന്‍ സിനിമ ചെയ്യാന്‍ പോകുകയാണെന്ന് പറയുന്നല്ലോ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോള്‍ അദ്ദേഹവും ഇത് തന്നെയാണ് പറഞ്ഞത്. 'എനിക്ക് അറിഞ്ഞുകൂടാ, അവന്റെ കുറേ ആളുകളൊക്കെ കൂടി സിനിമ ഉണ്ടാക്കിയിട്ട് അവനെ മെയിന്‍ റോള്‍ ആക്കാന്‍ പോകുകയാണ്. എന്താകുമോ എന്തോ' എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം,' സിദ്ധിഖ് പറഞ്ഞു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍