ചാപ്റ്റര്‍ 2 നായുള്ള കഥ തയ്യാറാണ്. തിരക്കഥയിലേക്കാണ് ഇനി കടക്കേണ്ടത്. അടുത്ത ചാപ്റ്ററുകള്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് കൃത്യമായ പദ്ധതികള്‍ സംവിധായകന്‍ ഡൊമിനിക്ക് അരുണിന് ഉണ്ട്. രണ്ടാം ചാപ്റ്ററില്‍ ടൊവിനോ തോമസ് ആയിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് വിവരം. നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും രണ്ടാം ചാപ്റ്ററില്‍ ഭാഗമായേക്കും. സൗബിന്‍ ഷാഹിര്‍ ആയിരിക്കും മറ്റൊരു പ്രധാന വേഷത്തില്‍. നാല് ചാപ്റ്ററുകളാണ് 'ലോകഃ' യൂണിവേഴ്സില്‍ ഉള്ളത്. മൂന്ന് ചാപ്റ്ററുകള്‍ കൂടി ഇനി വരാനിരിക്കുന്നു.
അതേസമയം ലോകഃ ബോക്‌സ്ഓഫീസില്‍ കുതിക്കുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 6.65 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഞായറാഴ്ച 10.1 കോടിയാണ് ലോകഃയുടെ കളക്ഷന്‍. തിങ്കളാഴ്ച പ്രവൃത്തിദിനം ആയതിനാലാണ് കളക്ഷനില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയത്. ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ 31.05 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 70 കോടി കടന്നു.