‘മഹേഷിന്റെ പ്രതികാരത്തില്‍ ഭയങ്കര ഡ്രാമ, ഫഹദാണ് ആ ചിത്രത്തിലെ വില്ലന്‍’; ലാല്‍ ജോസ്
മലയാളത്തിലെ റിയലിസ്‌റ്റിക് സിനിമകള്‍ എന്നു പറയുന്നത് തട്ടിപ്പാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്.
മലയാള സിനിമ ലോകം റിയലിസത്തിന് പിന്നാലെ ഓടുകയാണ്. സിനിമ പക്ക റിയലിസ്‌റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
നാച്വറല്‍ സിനിമയായി ആഘോഷിച്ച ‘മഹേഷിന്റെ പ്രതികാര’ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ട്. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ലാല്‍ ജോസ് വ്യക്തമാക്കി.
നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ താന്‍ നേരത്തേ 'ഡയമണ്ട് നെക്‌ളസി'ല്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് അവതരിപ്പിച്ച നായകകഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ലെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
ചെറിയ നെഗറ്റീവ് ഷേഡ്സ് ഉണ്ടെങ്കിലും സര്‍വഗുണസമ്പന്നരായ നായകകഥാപാത്രങ്ങളെത്തന്നെയാണ് ഇന്നും മലയാളസിനിമ ആഘോഷിക്കുന്നതെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.