കമലിനെ പിന്തുണയ്ക്കാൻ എല്ലാവരും എത്തി, ഈ നടിയെ സപ്പോർട്ട് ചെയ്യാൻ എന്തേ ആരും വരാത്തത്?

ശനി, 18 ഫെബ്രുവരി 2017 (14:44 IST)
യുവ മലയാളി നടിയ്ക്ക് നേരെയുണ്ടായ ആക്രമണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഡ്രൈവർ കൂട്ടുനിന്ന് താരത്തിനെതിരെ ആക്രമണം അഴിച്ച് വിട്ടപ്പോൾ ഭയപ്പെടുത്തുക മാത്രമായിരുന്നു ഗുണ്ടകളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. പ്രതികാരം തീർക്കാനാണ് താരത്തിന്റെ മുൻഡ്രൈവർ അടങ്ങുന്ന സംഘം നടിയെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് കരുതുന്നു.
 
മർദ്ദനങ്ങൾക്കിരയായ നടി ഒരു ആശ്രയത്തിനെന്നോണം ഓടിക്കയറിയത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണ്. അർധരാത്രിയിൽ ഭയപ്പെട്ട് വീട്ടിലേക്ക് ഓടിക്കയറി വന്ന നടിയെ കണ്ട് ലാൽ ഞെട്ടിയെന്ന് മാധ്യമങ്ങ‌ൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂട്ടുപ്രതിയായ സുനിൽ (ഡ്രൈവർ) ലാലിന്റെ വീടിനു പുറത്തു നിൽപ്പുണ്ടായിരുന്നു.
 
നടിയില്‍ നിന്നും വിവരം അറിഞ്ഞശേഷം ലാൽ ഡി ജി പി അടക്കമുള്ളവരെ വിളിച്ച പരാതി നൽകുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ലാലിന്റെ വീട്ടിൽ എത്തി നടിയിൽ നിന്നും പരാതി എഴുതി വാങ്ങി. ഡ്രൈവറെ കസ്റ്റഡിയിലും എടുത്തു. തന്നെ ആക്രമിച്ചെന്നും അർദ്ധനഗ്ന ഫോട്ടോകൾ ബലം പ്രയോഗിച്ച് പകർത്തിയെന്നും പരാതിയിൽ പറയുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
 
ലൈംലൈറ്റിൽ ഇത്രയും ഉയർന്ന് നിൽക്കുന്ന ഒരു നടിയ്ക്ക് നേരെ ഇത്രയും വഷളായ ഒരു പ്രശ്നം ഉണ്ടായിട്ടും സിനിമമേഖലയിൽ നിന്നും ആരും പ്രതികരിക്കാത്തതും ചർച്ചയായിരിക്കുകയാണ്. ആരും തന്നെ പ്രതിഷേധവുമായി എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സംവിധായകൻ കമലിന് നേരെ ആക്രമണവും ഭീഷണിയും നടന്നപ്പോൾ സിനിമയിലെ പ്രമുഖർ അണിനിരന്ന് അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. അതിന്റെ പകുതി പോലും ഈ നടിയെ ആരും പിന്തുണച്ചില്ല എന്നും ജനങ്ങൾ പരാതി പറയുന്നുണ്ട്.
 
ചുരുക്കം ചിലർ മാത്രമാണ് വാർത്തയോട് പ്രതികരിച്ചത്. ഒരു സെലിബ്രറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ ഇവിടുത്തെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കൊല്ലം ഡി.സി.സി അധ്യക്ഷയുമായ ബിന്ദുകൃഷ്ണ ചോദിച്ചു. 
 
ഇത്തരമൊരു സംഭവമുണ്ടായപ്പോള്‍ പരാതി നല്‍കാന്‍ കാണിച്ച അവരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ്. ഒരു സെലിബ്രറ്റിയായതുകൊണ്ട് തന്നെ ഇനിയും താന്‍ അപമാനിക്കപ്പെടുമോ എന്ന് ഭയന്ന് അവര്‍ മാറി നിന്നില്ല. ധൈര്യപൂര്‍വം തന്നെ പരാതി നല്‍കി. അത് വലിയ കാര്യമാണ്. അങ്ങേയറ്റം അഭനന്ദനാര്‍ഹമാണ് നടിയുടെ ഈ നടപടിയെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
 
സംഭവം അറിഞ്ഞ ഉടനെ നടിയെ വിളിച്ചെങ്കിലും ഫോൺ ഓഫ് ആയിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരണമെന്നും താരം വ്യക്തമാക്കി. നടിമാരെ എന്തും ചെയ്യാൻ എന്നാണോ എല്ലാവരുടേയും വിചാരമെന്ന് നടി ഭാമ മാതൃഭൂമിയോട് പ്രതികരിച്ചു.
 
നടിയ്ക്ക് നേരെയുള്ള ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സിനിമ മേഖലയില്‍ നിന്ന് ഉള്ളവര്‍ തന്നെയാണ് ഇതിന്റെ പിന്നില്‍ എന്നാണ് വിവരം. തനിയ്ക്ക് മുമ്പും ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്ന് താരം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
 
എന്ത് ധൈര്യത്തിലാണ് നമ്മുടെ ഈ കേരളത്തിലൂടെ പെണ്‍കുട്ടികള്‍ യാത്ര ചെയ്യുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങളും സദാചാര ഗുണ്ടായിസവും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയാകുമ്പോഴും ഇതിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും സോഷ്യൽ മീഡിയകളിൽ കുറ്റമുയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക