സിനിമ കാണില്ലെന്നത് അവരുടെ ഇഷ്ടം, കണ്ടവർക്ക് കാര്യം മനസിലാകും: കുഞ്ചാക്കോ ബോബൻ

വ്യാഴം, 11 ഓഗസ്റ്റ് 2022 (13:46 IST)
ന്നാ താൻ കേസ് കൊട് സിനിമയ്ക്കെതിരെ വന്ന ബോയ്കോട്ട് ക്യാമ്പയിനിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ട സിനിമ പോസ്റ്ററിൽ എഴുതിയ തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാചകത്തിൻ്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ വാശിയേറിയ വാദപ്രതിവാദങ്ങൾ നടക്കുന്നത്.
 
ഇടത് സൈബർ പേജുകളും അനുഭാവികളും സിനിമയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവും പല ഭാഗത്ത് നിന്നും ഉയർന്നുവരുന്നുണ്ട്. സിനിമയുടെ പോസ്റ്ററിലെ പരസ്യവാക്യം സർക്കാരിനെതിരായ വിമർശനമായാണ് പല ഇടതുപേജുകളും ഏറ്റെടുത്തിരിക്കുന്നത്. അതേസമയം പാർട്ടി പത്രമായ ദേശാഭിമാനിയിലടക്കം ഇതേ പരസ്യം വന്നിരുന്നു.
 
അതേസമയം സിനിമ കാണില്ല എന്നതെല്ലാം ഓരോ ആളുകളുടെയും ഇഷ്ടമാണെന്നും സിനിമ കണ്ടവർക്ക് പോസ്റ്ററിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാകുമെന്നും ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബൻ പറഞ്ഞു. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നുണ്ടെന്നും ആവശ്യമില്ലാത്ത വിവാദമാണ് ഇപ്പോൾ ഉണ്ടാക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍