ദിലീപിനോടുള്ള നന്ദി ആ സമയത്ത് കാണിക്കാതിരിക്കാൻ കഴിഞ്ഞില്ല: കൂട്ടിക്കൽ ജയചന്ദ്രൻ

വ്യാഴം, 10 ജനുവരി 2019 (08:32 IST)
ചാനൽ ചർച്ചകളിലും സിനിമകളിലും മറ്റും സജീവ പങ്കാളിത്തമുള്ള വ്യക്തിയാണ് കൂട്ടിക്കൽ ജയചന്ദ്രൻ. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലെപിനെ പിന്തുണച്ചുകൊണ്ട് താരം എത്തിയതോടെ പ്രേക്ഷകരിൽ നിന്ന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന താരം കൂടിയാണ് ജയചന്ദ്രൻ.
 
എന്നാൽ ഇപ്പോൾ താരം തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ് തനിക്കെതിരെ വന്ന വിമർശനങ്ങളെക്കുറിച്ച്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയചന്ദ്രന്റെ തുറന്ന് പറച്ചിൽ‍.
 
'ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമ നടനാണ് ഞാന്‍. അതിന് ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും ദിലീപ് എനിക്ക് എങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. ആ മനുഷ്യനെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ'- കൂട്ടിക്കൾ ജയചന്ദ്രൻ പറഞ്ഞു.
 
അദ്ദേഹം വിളിച്ചതിനാല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്റെ നന്ദി ആ സമയത്ത് കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ദിലീപില്‍ നിന്ന് എന്നെക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്. കടന്ന് വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ എന്നും ജയചന്ദ്രന്‍ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍