ലാൽജോസും മോഹൻലാലും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിലെ തരംഗമായി മാറിയ ജിമിക്കി കമ്മൽ ഗാനം യുട്യൂബിൽ നിന്നും പിൻവലിച്ചത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കോപ്പി റൈറ്റ് സംബന്ധിച്ച പരാതിയെ തുടർന്നാണ് യുട്യൂബ് ഗാനം പിൻവലിച്ചത്. എന്നാൽ ഗാനം യൂട്യൂബിൽ നിന്ന് പോയപോലെ തിരിച്ചുവന്നിരിക്കുകയാണ്.
ഷാന്‍ റഹ്മാന്റെ കുറിപ്പ് –
‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പറയാന്‍ നിരവധി പേര്‍ എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല. കോപ്പി റൈറ്റ് നിയമ പ്രകാരം ഈ ഗാനം യൂട്യൂബില്‍ നിന്ന് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി എന്റെ അഭിപ്രായം ഇതാണ്.
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ ആണ് ജിമിക്കി കമ്മല്‍. വെറും ഒരു ബിസിനസ് കരാറിന്റെ ഭാഗമായി മാത്രമാണ് ഇപ്പോള്‍ യുട്യൂബില്‍ നിന്ന് എടുത്തുമാറ്റിയത്. ‘മാണിക്യ മലരായാ പൂവി’ എന്ന ഗാനമാണ് ജിമിക്കി കമ്മലിന് ശേഷം ഇത്രയധികം ശ്രദ്ധ പിടിച്ചു പറ്റിയത്. 74 മില്യണ്‍ ആളുകള്‍ ഇപ്പോള്‍ ഈ ഗാനം കണ്ടു കഴിഞ്ഞു. ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡിലേക്ക് ഈ ഗാനം ഉടനെത്തും. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതല്ല. ജിമിക്കി കമ്മല്‍ എന്നത് മലയാളിയുടെ അഭിമാന പ്രൊജക്ട് ആയിരുന്നു. കാരണം ലോകം ആസ്വദിച്ചതാണ് ഈ ഗാനം. ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം ഈ മലയാള ഗാനത്തിന് ചുവടുവച്ചതാണ്.