'എന്റെ കാറിന്റെ പിന്‍സീറ്റില്‍ ജയറാം ഒളിച്ചുകിടക്കും, അമ്പലത്തില്‍ പോകണമെന്ന് പറഞ്ഞ് പാര്‍വതി കാറില്‍ കയറും'; ജയറാമിനും പാര്‍വതിക്കും വേണ്ടി മണിക്കൂറുകളോളം വെയില്‍ കൊണ്ട സംഭവം വെളിപ്പെടുത്തി സിദ്ദിഖ്

തിങ്കള്‍, 11 ഏപ്രില്‍ 2022 (16:34 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരേയും ജീവിതത്തില്‍ അടുപ്പിച്ചത്. പാര്‍വതി ജയറാമിനെ വിവാഹം കഴിക്കുന്നതില്‍ പാര്‍വതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇരുവരുടേയും പ്രണയം വളരെ രഹസ്യമായാണ് മുന്നോട്ടുപോയത്. സിനിമ രംഗത്തെ പലരും ഇരുവരുടേയും പ്രണയത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ജയറാമിനും പാര്‍വതിക്കും വേണ്ടി താന്‍ മണിക്കൂറുകളോളം വെയില്‍ കൊണ്ടതിന്റെ കഥ പറയുകയാണ് സിദ്ദിഖ്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. 
 
'എനിക്ക് കാര്‍ വാങ്ങാന്‍ കാശ് തന്നത് ജയറാമാണ്. എന്നിട്ട് എന്താ? എറണാകുളത്ത് ഷൂട്ടിങ് നടക്കുമ്പോള്‍ ജയറാം വിളിക്കും. നീ എവിടെയാ എന്ന് ചോദിക്കും. എറണാകുളത്താണ് എന്ന് ഞാന്‍ പറയും. നീ പെട്ടന്ന് തിരുവനന്തപുരത്തേക്ക് വാ എന്ന് പറയും. തിരുവനന്തപുരത്ത് എത്തുമ്പോള്‍ പാര്‍വതിയുടെ വീട്ടിലേക്ക് എന്നെക്കൊണ്ട് ഫോണ്‍ ചെയ്യിപ്പിക്കും. പാര്‍വതി ഞാന്‍ സിദ്ദിഖാണ് എന്നും പറഞ്ഞ് വിളിക്കും. സിദ്ദിഖ് ഇവിടെയുണ്ടോ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ ഇങ്ങോട്ട് വാ എന്ന് പാര്‍വതി പറയും. ഞാന്‍ പാര്‍വതിയുടെ വീട്ടില്‍ പോകും. കാറിന്റെ പിന്‍ സീറ്റില്‍ ജയറാം ഒളിച്ചു കിടക്കുന്നുണ്ടാകും. ഞാന്‍ കാര്‍ അവിടെയിട്ട് ഊണ് കഴിക്കും. ആ സമയത്തെല്ലാം ജയറാം കാറില്‍ കിടക്കും. ഊണൊക്കെ കഴിഞ്ഞ് ഒരു മൂന്ന് മണിയാകുമ്പോള്‍ സിദ്ദിഖിന്റെ കൂടെ അമ്പലത്തില്‍ പോകട്ടെ എന്ന് പാര്‍വതി അമ്മയോട് ചോദിക്കും. ആ പോയിക്കോ എന്ന് അമ്മ പറയും. എന്നിട്ട് അമ്പലം എത്തുന്നതിനു മുന്‍പ് ഏതെങ്കിലും വഴിയരികില്‍ കാര്‍ നിര്‍ത്തി ജയറാം എന്നോട് പുറത്ത് പോയി നില്‍ക്കാന്‍ പറയും. ജയറാമും പാര്‍വതിയും കാറില്‍ ഇരിക്കും. ഞാന്‍ മൂന്ന് നാല് മണിക്കൂര്‍ വെയിലും കൊണ്ട് പുറത്ത് നില്‍ക്കും. ഇവര്‍ കാറില്‍ ഇരുന്ന് സംസാരിക്കുകയാണോ അതോ സംസാരിക്കാന്‍ സമയം കിട്ടുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല,' സിദ്ദിഖ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍