ശിവകാർത്തികേയന് ജയം രവി തന്നെ വില്ലൻ! നായകനെ കടത്തിവെട്ടുമോ?

നിഹാരിക കെ.എസ്

വ്യാഴം, 19 ഡിസം‌ബര്‍ 2024 (11:55 IST)
സുധ കൊങ്കരയുടെ പുറനാനൂറ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. സൂര്യ, ദുൽഖർ സൽമാൻ, വിജയ് വർമ്മ, നസ്രിയ എന്നിവരായിരുന്നു പ്രഖ്യാപന സമയത്തെ കാസ്റ്റിങ്. എന്നാൽ സൂര്യ-സുധ കൊങ്കര അഭിപ്രായ വ്യത്യാസം മൂലം ഈ സിനിമ ഉപേക്ഷിക്കപ്പെട്ടു. ഇതോടെ, കാസ്റ്റിങ്ങും പൂർണമായും പൊളിച്ചെഴുതി, സുധ പുതിയൊരു സിനിമയായി പുറനാനൂറിനെ മാറ്റി. സൂര്യയ്ക്ക് പകരം ശിവകാർത്തികേയനെ വെച്ച് തന്റെ സ്വപ്ന സിനിമ പൂർത്തിയാക്കാനൊരുങ്ങുകയാണ് സുധ. 
 
ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ഇപ്പോൾ. എസ്‌കെ 25 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന് പുതിയ പേര് നൽകുമെന്നാണ് സൂചന. നസ്രിയയ്ക്ക് പകരം ശ്രീലീലയാണ് പുതിയ നായിക. ദുൽഖറിന് പകരം അഥർവ എത്തുമ്പോൾ വില്ലനായി വരിക ജയം രവി ആണ്. വിജയ് വർമയുടെ റോൾ ആണ് ജയം രവിക്കെന്നാണ് സൂചന. 
 
നായകനായി നിൽക്കുമ്പോൾ തന്നെ തന്നെക്കാൾ ജൂനിയർ ആയ ശിവകാർത്തികേയന്റെ വില്ലനായി ജയം രവി അഭിനയിക്കാൻ സമ്മതം മൂളിയത് എന്നതും ശ്രദ്ധേയം. നായകനെ കടത്തി വെട്ടുന്ന വില്ലനായി ജയം രാവി മാറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് എസ്‌കെ 25 ന്റെ സംഗീതം.
 
ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ ശിവകാർത്തികേയനും പങ്കുവെച്ചിട്ടുണ്ട്. 'സിനിമാ സ്വപ്‌നവുമായി ട്രിച്ചിയിൽ നിന്നെത്തിയ ആരാധകനിൽ നിന്ന് #SK25 വരെയുള്ള സ്വപ്നങ്ങൾ നിറഞ്ഞ ഒരു അത്ഭുതകരമായ യാത്രയാണിത്. എന്നിൽ വിശ്വസിച്ച് ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എന്നും നന്ദിയുണ്ട്' എന്ന് ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍