വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മദ്രാസിലേക്കു ഒളിച്ചോടി, വേര്‍പിരിയലിനു കാരണം ഈഗോ പ്രശ്‌നങ്ങള്‍; ജഗതി-മല്ലിക പ്രണയകഥ
ശനി, 30 ഡിസംബര്‍ 2023 (11:43 IST)
മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു ഒരുകാലത്ത് ജഗതി-മല്ലിക ബന്ധം. 1976 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം അധികനാള്‍ നിലനിന്നില്ല. മൂന്ന് വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഇരുവര്‍ക്കും മക്കളില്ല.
നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ജഗതിയും മല്ലികയും വിവാഹം കഴിച്ചത്. കലാലയത്തില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിച്ചത്. കലോത്സവങ്ങളില്‍ ഇരുവരും സ്ഥിരം സാന്നിധ്യമായിരുന്നു. അങ്ങനെ ഇരുവരും അടുക്കുകയും സൗഹൃദത്തിലാകുകയും ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. മദ്രാസിലേക്ക് ഒളിച്ചോടുകയായിരുന്നു. മല്ലിക സിനിമയില്‍ സജീവമാകുകയും ജഗതിക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്തു. ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷിന് ഇത് കാരണമായി. അതിനിടെ മല്ലിക സുകുമാരനുമായി സൗഹൃദത്തിലായി.
വിവാഹശേഷം മദ്രാസിലെത്തിയപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ജഗതിക്ക് സിനിമയില്‍ അവസരങ്ങള്‍ വളരെ കുറവായിരുന്നു. സാമ്പത്തികമായി കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ ഇരുവരും നന്നായി ബുദ്ധിമുട്ടി. ഇതിനിടയില്‍ മല്ലികയ്ക്ക് വീണ്ടും സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ചു. ഇത് ഇരുവര്‍ക്കുമിടയില്‍ ഈഗോ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചത്. ഈഗോ പ്രശ്‌നങ്ങളും മല്ലികയ്ക്ക് സുകുമാരുമായുള്ള ബന്ധവും പിന്നീട് ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു.
ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മല്ലിക നടന്‍ സുകുമാരനെ വിവാഹം കഴിച്ചത്. ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് മക്കള്‍. വിവാഹമോചനം നേടി അതേ വര്‍ഷം തന്നെ ജഗതി കലയെ വിവാഹം കഴിച്ചു. ഒത്തുപോകില്ലെന്ന് മനസിലായപ്പോള്‍ ആണ് ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതെന്ന് മല്ലിക പറയുന്നു.
സുകുമാരന്റെ മരണശേഷം താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക തുറന്നുപറഞ്ഞിട്ടുണ്ട്. മറ്റൊരു വിവാഹം കഴിക്കാന്‍ പലരും തന്നെ നിര്‍ബന്ധിച്ചിരുന്നു എന്നാണ് മല്ലിക പറയുന്നത്. 'എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഞാന്‍ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത്. എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരന്‍ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരന്‍ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാന്‍ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. 'നിനക്ക് ഇപ്പോള്‍ 39 വയസല്ലേ ആയിട്ടുള്ളു. കൊച്ച് പിള്ളേരല്ലേ, ഒന്നും കൂടി കെട്ടിക്കൂടേ' എന്നൊക്കെ ചോദിച്ചവരുണ്ട്. ആ സ്ഥാനത്തേക്ക് ഇനി ഒരാളെ കാണാന്‍ പറ്റില്ല. അതുകൊണ്ടാണ് മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാതിരുന്നത്,' മല്ലിക പറഞ്ഞു.
തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മല്ലികയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി സംസാരിച്ചത്. 'പക്വത കുറവുള്ള പ്രായത്തിലാണ് ആദ്യ പ്രണയം സംഭവിക്കുന്നത്. 16 കഴിഞ്ഞ് 17 ലേക്ക് കടക്കുന്ന പ്രായം. കോളേജില്‍ പഠിക്കുന്ന സമയത്താണ്. 19-ാം വയസ്സില്‍ പ്രണയ സാഫല്യമായി. പ്രണയിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിച്ചു. തമാശ പ്രണയമായിരുന്നില്ല അത്. ആ കുട്ടിയെ തന്നെ വിവാഹം കഴിച്ചു. 11 വര്‍ഷം ഒന്നിച്ച് ജീവിച്ച് ആ ബന്ധം വേര്‍പ്പെടുത്തി. കാമുകിയെ ചതിച്ചില്ല എന്ന ഒറ്റ തെറ്റേ ഞാന്‍ ചെയ്തുള്ളൂ. അപക്വമായ പ്രായത്തില്‍ ഉണ്ടായ പ്രണയമായി അത് പിന്നീട് തോന്നി. കൗമാരത്തിന്റെ ചാപല്യമായി ആ പ്രണയത്തെ തോന്നുന്നു. പ്രണയം നല്ലത് തന്നെയാണ്. സുഖങ്ങളും ദുഖങ്ങളും ഒന്നിച്ച് പങ്കിടാന്‍ രണ്ട് പേരും തയ്യാറാണെങ്കില്‍ മാത്രം. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ദമ്പതികള്‍ തമ്മില്‍ രണ്ട് വഴിക്ക് മാറിയാല്‍ പ്രണയസാഫല്യമാകില്ല. ആദ്യ പ്രണയവും ദാമ്പത്യവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ പിരിയേണ്ട അവസ്ഥ വന്നു,' ജഗതി പറഞ്ഞു.