കുറച്ചധികം സമയം ഒരു നല്ല ചിത്രത്തെക്കുറിച്ച് മോശം പ്രചരണങ്ങള്‍ നടത്താനാവില്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. ഈ സിനിമ നൂറോ ഇരുനൂറോ ദിവസം ദിവസം ഓടുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ തന്നെ ഇതേറ്റെടുക്കും. അതാണ് അതിന്റെ രീതി. സോഷ്യല്‍ മീഡിയ ഇംപാക്ടിനെപ്പറ്റി എനിക്ക് ശാസ്ത്രീയമായി അറിയാമെന്നും സംവിധായകൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ചിത്രത്തിനെതിരെ വ്യാപകമായി നെഗറ്റീവ് പ്രചരണമുണ്ടായത് ദിലീപിനെ അനുകൂലിക്കുന്ന പക്ഷത്തിന്‍റെ ചെയ്തിയാണെന്ന് കരുതുന്നില്ലെന്നും ശ്രീകുമാര്‍ മേനോന്‍. ആന്‍റണി പെരുമ്പാവൂര്‍ എന്നെ വിശ്വസിച്ച് 50 കോടി രൂപ ഏല്‍പ്പിച്ചു. 200 ദിവസത്തെ ഡേറ്റ് ലാലേട്ടന്‍ എനിക്ക് തന്നു. ആ വിശ്വാസം ഞാന്‍ കാത്തുസൂക്ഷിക്കും.
എന്നെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരു പ്രവണത കുറച്ചുകാലമായുണ്ട്. ഞാന്‍ സ്വാഭാവികമായും ഇതെല്ലാം പ്രതീക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ ഇതിനൊരു കൌണ്ടര്‍ സ്ട്രാറ്റജിയുണ്ട്. കൂലിയെഴുത്തുകാരാണ് ഈ സിനിമയെ മനഃപൂര്‍വം മോശമെന്ന് എഴുതുന്നത്. കൂലിയെഴുത്തുകാര്‍ പറയുന്നത് കേട്ട് തോല്‍വി സമ്മതിക്കുന്നതില്‍ ഭേദം ആത്മഹത്യ ചെയ്യുകയാണ്. അതില്‍ തോറ്റുകൊടുക്കാന്‍ സാധിക്കില്ല. അങ്ങനെ തോറ്റുകൊടുക്കുന്നതിലും ഭേദം ഈ പണി നിര്‍ത്തി പോവുകയാണ്.
ആദ്യ ദിവസത്തെ പ്രതികരണം കണ്ടിട്ട് എനിക്ക് ഒരു സങ്കടവുമില്ല. ഞാന്‍ ആവേശത്തിലാണ്. ഞാന്‍ നിരാശനല്ല. ഞാന്‍ ഉണ്ടാക്കിയ പ്രൊഡക്ടിനെപ്പറ്റി വിശ്വാസമുണ്ട്. ഞാന്‍ ഇവിടെ കാലുറപ്പിച്ച് നില്‍ക്കാന്‍ വന്നതല്ല. ഞാന്‍ എന്‍റെ പരസ്യലോകത്തേക്ക് തിരിച്ചുപോകും. പിന്നെ രണ്ടാമൂഴത്തിന്‍റെ ജോലികളിലേക്ക് കടക്കും.
ലാലേട്ടന്‍ ഫാന്‍സിനോട് ഉത്തരം പറയേണ്ട കാര്യമെനിക്കില്ല. പക്ഷേ ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടാവാം. ഈ സിനിമയുടെ സ്വഭാവം വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്. ഇപ്പോഴത്തെ വിമര്‍ശനത്തില്‍ 70 ശതമാനം പ്ലാന്‍ഡ് അസാസിനേഷന്‍ എഫര്‍ട്ടാണ്. ആ എഫര്‍ട്ട് ക്ലച്ച് പിടിക്കില്ല - ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു.