700 കോടി ക്ലബ്ബിൽ മോഹൻലാൽ?

ചൊവ്വ, 17 ജനുവരി 2017 (11:20 IST)
കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ആമിർ ചിത്രം ദംഗൽ പ്രേക്ഷകർക്ക് വിസ്മയമായിരിക്കുകയാണ്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ വിസ്മയമായി തീരുന്ന ദംഗൽ നിർഭാഗ്യം കൊണ്ടാണ് മോഹൻലാലിൽ നിന്നും ഒഴിഞ്ഞത്. ചിത്രത്തിൽ ആമിർ നായകനായില്ലായിരുന്നെങ്കിൽ റെക്കോർഡുകൾ ഭേദിക്കാൻ 'ദംഗലു'മായി മോഹൻലാൽ വരുമായിരുന്നു!.
 
ദംഗലിന് പിന്നിലെ മലയാളി സാന്നിധ്യവും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ് ഹെഡുമായ ദിവ്യ റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാവീര്‍ സിംഗ് ഫോഗട്ടാകാന്‍ ആമിര്‍ഖാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ അടുത്ത ഊഴം മോഹന്‍ലാലിനെയോ, കമല്‍ ഹാസനെയോ തേടിയെത്തുമായിരുന്നൂവെന്ന് ദിവ്യ റാവു പറഞ്ഞു. ദംഗൽ എന്ന സിനിമയുടെ ആശയം ആദ്യം ഉദിച്ചത് ദിവ്യ റാവു എന്ന ഈ മലയാളിയുടെ തലയിലാണ്.
 
ഡിസ്‌നി യുടെ ക്രിയേറ്റീവ് ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് മഹാവീര്‍ സിങിനെ കുറിച്ചുള്ള പത്രവാർത്ത ദിവ്യ കാണുന്നത്. ഇക്കാര്യം, സിദ്ധാര്‍ഥ് റോയ് കപൂറിന്റെയും മറ്റ് അംഗങ്ങളുടെയും ശ്രദ്ദയില്‍പ്പെടുത്തി. തുടര്‍ന്നാണ് ദിവ്യ ഉള്‍പ്പെടുന്ന ടീം ആശയവുമായി സംവിധായകന്‍ നിതേഷ് തിവാരിയെ സമീപിച്ചത്. പിന്നീട് ആമിറും ചിത്രത്തിന്റെ ഭാഗമായി. ദിവ്യ ആദ്യമായി ഭാഗമായ സിനിമയാണ് ദംഗല്‍.
 
ചിത്രത്തിന്റെ കഥ പറയാൻ ചെന്നപ്പോൾ 'നോ' എന്നാണ് പറഞ്ഞിരുന്നെങ്കിൽ നായകൻ മോഹൻലാൽ ആകുമായിരുന്നത്രേ. അങ്ങനെയെങ്കിൽ പുലുമുരുകനേയും കടത്തിവെട്ടുന്ന വിജയം മോഹൻലാലിനു സ്വന്തമാകുമായിരുന്നു. പുതിയ കണക്കുകൾ പ്രകാരം ആഗോള ബോക്‌സ്ഓഫീസ് കളക്ഷനില്‍ 700 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. അങ്ങനെയെങ്കിൽ 700 കോടി ക്ലബിൽ കയറുന്ന ആദ്യ മോഹൻലാൽ ചിത്രമാകുമായിരുന്നോ 'ദംഗൽ' എന്നും ആരാധകർ ചോദിക്കുന്നു.
 
ഇന്ത്യയില്‍നിന്ന് മാത്രം ദംഗല്‍ ഇതിനകം നേടിയിരിക്കുന്ന ഗ്രോസ് 506.61 കോടിയാണ് (361.87 കോടി നെറ്റ്). വിദേശ ബോക്‌സ്ഓഫീസില്‍ നിന്ന് 187.50 കോടിയും. എല്ലാം ചേര്‍ത്ത് 22 ദിവസംകൊണ്ട് 694.11 കോടി! ഇതോടെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ് എന്ന സ്ഥാനത്തേക്ക് കുതിക്കുകയാണ് ദംഗല്‍. ദംഗലിന് മുന്നില്‍ ഇനിയുള്ളത് ആമിറിന്റെതന്നെ പികെ മാത്രമാണ്. 792 കോടിയാണ് പികെയുടെ ആജീവനാന്ത ബോക്‌സ്ഓഫീസ് കളക്ഷന്‍.

വെബ്ദുനിയ വായിക്കുക