'അമ്മ'യിൽ അവാർഡ് ജേതാക്കളോടും വിവേചനം, ഇടവേള ബാബുവിന്റെ പ്രതികരണത്തിൽ പൊട്ടിക്കരഞ്ഞ് നിഷ സാരംഗ്; സംഭവിച്ചത് ഇങ്ങനെ

ബുധന്‍, 27 ജൂണ്‍ 2018 (11:03 IST)
ഇത്തവണത്തെ 'അമ്മ'യുടെ യോഗത്തിൽ പ്രതിഷേധവുമായി പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. 18 വര്‍ഷത്തിന് ശേഷമാണ് നേതൃസ്ഥാനത്തുനിന്നും ഇന്നസെന്റ് പിന്‍വാങ്ങി മോഹൻലാൽ ചുമതലയേറ്റതും ഈ യോഗത്തിൽ തന്നെയായിരുന്നു. വനിതാപ്രതിനിധികളോട് മോശമായ രീതിയിലാണ് 'അമ്മ' സംഘടന പെരുമാറുന്നതെന്ന വാർത്തയും വന്നിരുന്നു.
 
ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിന്റെ പ്രതിഷേധം തുടരെയാണ് മറ്റൊരു പ്രശ്‌നം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വനിതാപ്രതിനിധികളോട് 'അമ്മ' എങ്ങനെ പെരുമാറുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. സിനിമയിലെയും സീരിയലിലൂടെയും പ്രേക്ഷക മനസ്സ് കീഴടക്കിയ നിരവധിപേർ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ യോഗത്തിനിടയില്‍ ആദരിച്ചിരുന്നു.
 
മികച്ച ഹാസ്യനടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം(ടെലിവിഷൻ‍) നേടിയ നിഷ സാരംഗിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ദ്രന്‍സ് ഉള്‍പ്പടെ നിരവധി പേരെ ആദരിക്കുമ്പോള്‍ ഈ താരം സദസ്സിലിരിക്കുകയായിരുന്നു. പരിപാടി തുടരുന്നതിനിടെ താരം തന്നെ തനിക്ക് ലഭിച്ച നേട്ടത്തെക്കുറിച്ച് സൂചിപ്പിച്ചു. എന്നാൽ അഭിനേത്രിയെ അപമാനിക്കുന്ന തരത്തിലായിരുന്നു നിയുക്ത ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പ്രതികരിച്ചത്. താരത്തിന് അവാര്‍ഡ് ലഭിച്ച വിവരത്തെക്കുറിച്ച് അറിയില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അറിയിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
 
ഇടവേള ബാബുവിന്റെ രൂക്ഷപ്രതികരണത്തെ തുടര്‍ന്ന് താരം പൊട്ടിക്കരഞ്ഞുവെന്നും പിന്നീട് കവിയൂര്‍ പൊന്നമ്മയുള്‍പ്പടെയുള്ളവര്‍ ആശ്വസിപ്പിച്ചപ്പോഴാണ് താരം കരച്ചില്‍ നിര്‍ത്തിയതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍