അതേ, ശ്രീനാഥ് രാജേന്ദ്രനൊപ്പം ദുല്‍ഖര്‍ വീണ്ടും കൈകോര്‍ത്തു. ഏതാണ്ട് പത്ത് വര്‍ഷത്തിനടുത്ത് ഇടവേളയ്ക്ക് ശേഷം. സെക്കന്റ് ഷോയില്‍ അഭിനയിക്കുമ്പോള്‍ ശ്രീനാഥിന് മുന്നില്‍ പേടിച്ചുവിറച്ചു നിന്നിരുന്ന ദുല്‍ഖറല്ല ഇന്ന്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ദുല്‍ഖര്‍ ഇന്ന് സൂപ്പര്‍ താരമാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിശ്ചലമായ സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രീനാഥ് രാജേന്ദ്രന്‍ - ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ പിറന്ന 'കുറുപ്പി'ന് സാധിച്ചു. സെക്കന്റ് ഷോയില്‍ നിന്ന് കുറുപ്പിലേക്കുള്ള ദൂരം ദുല്‍ഖര്‍ എന്ന താരത്തിന്റെ അഭിനേതാവിന്റെയും വളര്‍ച്ചയുടെ കാലമായി ചരിത്രത്തില്‍ അവശേഷിക്കും.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ദുല്‍ഖറിന്റെ ആദ്യ പൊതു പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. അന്ന് ദുല്‍ഖറിന്റെ ചുറ്റിലും നിന്നവര്‍ അദ്ദേഹത്തെ നോക്കി കൂവി വിളിക്കുന്നതും മോഹന്‍ലാലിന് 'ജയ്' വിളിക്കുന്നതും വീഡിയോയില്‍ കാണാം. മമ്മൂട്ടി ഫാന്‍സ് തിരിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ച് ദുല്‍ഖറിന് ചുറ്റിലും നിന്ന് അതിനെ പ്രതിരോധിക്കുന്നുണ്ട്. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ദുല്‍ഖര്‍ അന്ന് നേരിട്ടത്. എന്നാല്‍, ഈ സംഭവങ്ങളെ കുറിച്ച് ദുല്‍ഖര്‍ പിന്നീട് മനസുതുറന്നിട്ടുണ്ട്.