ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പിഎസ്‌സി അപേക്ഷാ പ്രായപരിധി 40 വയസ്സായി ഉയർത്തി

അഭിറാം മനോഹർ

ബുധന്‍, 25 ഫെബ്രുവരി 2026 (08:10 IST)
തിരുവനന്തപുരം: കേരള പിഎസ്സി വഴി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വര്‍ദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. നിലവില്‍ 36 വയസ്സായിരുന്ന പ്രായപരിധി 40 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയിലേക്ക് അപേക്ഷിക്കാന്‍ വീണ്ടും അവസരം ലഭിക്കും.
 
പ്രധാന തീരുമാനങ്ങള്‍:
 
പൊതുവിഭാഗം: അപേക്ഷിക്കാനുള്ള പ്രായപരിധി 36ല്‍ നിന്ന് 40 ആയി ഉയര്‍ത്തി.
 
എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 45 വയസ്സുവരെ അപേക്ഷിക്കാം.
 
പിന്നാക്ക വിഭാഗങ്ങള്‍ക്കും തത്തുല്യമായ രീതിയില്‍ പ്രായപരിധിയില്‍ ഇളവ് ലഭിക്കും (നിലവില്‍ 39 വയസ്സ്).
 
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തത്വത്തില്‍ അംഗീകരിച്ചാണ് ഈ നടപടി. കമ്മീഷന്റെ 32 ഓളം ശുപാര്‍ശകള്‍ കൂടി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തര്‍ക്കങ്ങളിലും സര്‍ക്കാര്‍ വ്യക്തത വരുത്തി. 1947 എന്ന വര്‍ഷം മാനദണ്ഡമാക്കാതെ ബിഷപ്പ് നല്‍കുന്ന രേഖ ജാതി സര്‍ട്ടിഫിക്കറ്റിനായി പരിഗണിക്കാനും തീരുമാനമായി
 
പിഎസ്സി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന പ്രായപരിധി അവസാനിക്കാറായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് സര്‍ക്കാരിന്റെ ഈ പുതിയ ഉത്തരവ്.തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതകളും ചൂണ്ടിക്കാട്ടി മറ്റ് സംസ്ഥാനങ്ങളും അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടിയിരുന്നു.തെലങ്കാനയും 46, ആന്ധ്രയില്‍ 42 എന്നിങ്ങനെയാണ് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാവുന്ന പ്രായപരിധി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍