വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പലപ്പോഴും 'എയറില്‍' പോയിട്ടുള്ള വ്യവസായിയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമാണ് ബോബി ചെമ്മണ്ണൂര്‍. നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശമാണ് ബോബി ചെമ്മണ്ണൂരിനെ ഇപ്പോള്‍ പ്രശ്‌നത്തില്‍ ചാടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ബോബിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പുതിയ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഹണി റോസിനെ കാണുമ്പോള്‍ തനിക്ക് മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ബോബി പറഞ്ഞത്. കുന്തി ദേവിയോടാണ് ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ താരതമ്യം ചെയ്തത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ബോബിക്ക് അറിയില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നത്.
ജ്വല്ലറിയിലെ നെക്ലേസ് ഇട്ടുനോക്കുന്നതിനിടെ ഹണിയെ ബോബി ചെമ്മണ്ണൂര്‍ പിടിച്ചുകറക്കുകയും ചെയ്തു. 'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗം മാത്രമേ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നാണ് ബോബി അതിനു ശേഷം പറഞ്ഞത്. നാവിനു എല്ലില്ലാത്തതിനാല്‍ എന്ത് വേണമെങ്കിലും പറയാമെന്ന അവസ്ഥയിലേക്ക് ബോബി ചെമ്മണ്ണൂര്‍ അധപതിച്ചെന്നും ഹണി റോസിന്റെ മുഖഭാവത്തില്‍ നിന്ന് അവര്‍ ഒട്ടും കംഫര്‍ട്ട് അല്ലെന്ന് വ്യക്തമാണെന്നും വിമര്‍ശിക്കുന്നവര്‍ പറയുന്നു.
അതേസമയം ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോബി പറഞ്ഞത് തമാശ രൂപേണ കാണേണ്ട കാര്യമാണെന്നും ഹണി റോസ് തനിക്ക് പ്രശ്‌നമുണ്ടെന്ന് പറയാത്തിടത്തോളം ബാക്കിയുള്ളവര്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇവര്‍ പറയുന്നു.