മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൽ നടൻ ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ബസൂക്കയുടെ ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് പറയുകയാണ് ഹക്കിം.
ഗെയിമറായ സണ്ണി എന്ന കഥാപാത്രമായാണ് നടൻ ചിത്രത്തിലെത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് ഹക്കിം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ അവിസ്മരണീയമായ ഒരവസരം ലഭിച്ചുവെന്നും ഈ നിമിഷങ്ങൾ താൻ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കുമെന്നും ഹക്കിം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനു വരെ കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ടു പോകുക തന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢ നിശ്ചയമെടുത്ത പോരാട്ടമാണ്', ഹക്കിം കൂട്ടിച്ചേർത്തു.
അപകടം സംഭവിച്ചതിന് ശേഷമുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ബസൂക്ക നിർമിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ 'ബസൂക്ക' മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 7 കോടിയിലധികം ബോക്സ് ഓഫീസിൽ നിന്നും നേടി കഴിഞ്ഞു.