നടൻ ജയസൂര്യയുടെ മകൻ ആദ്യമായി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം പുറത്തിറങ്ങി. ഗുഡ് ഡേ എന്ന് പേരിട്ടിരിയ്ക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ എഡിറ്റിങ്ങും അദ്വൈത് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കൊച്ചി ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ അദ്വൈത് സംവിധാനം ചെയ്ത 'ഗുഡ് ഡേ' എന്ന ഹ്രസ്വചിത്രം ദുല്‍ഖറാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കിയത്. ചിത്രത്തെ കുറിച്ച് ജയസൂര്യ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
ജയസൂര്യയുടെ ഫെസ്ബുക്ക് പോസ്റ്റ്:
മോൻ ആദ്യായിട്ട് ഒരു ഷോർട്ട് ഫിലിം ഡയറക്ട് ചെയ്തു എഡിറ്റിങ്ങും മൂപ്പരു തന്നെ. വർക്ക് എല്ലാം കഴിഞ്ഞപ്പോ ഞാൻ പറഞ്ഞു. ആദി... നിനക്ക് ഒരു ഉഗ്രൻ സർപ്രൈസ് ഉണ്ട്. എന്താ.. അഛാ.... ഈ ഷോർട്ട് ഫിലിം നിനക്ക് ആരാ ലോഞ്ച് ചെയ്യണേന്ന് അറിയോ.
ഇല്ല ഛാ... ആരാ... ???
ഞാൻ....ഞാൻ ചെയ്ത് തരാം നിനക്ക് വേണ്ടി....
ഓ.... വേണ്ട ഛാ... ദുൽഖർ ചെയ്ത് തന്നാ മതി... (അങ്ങനെ അഛൻ സോമനായി...) ഞാൻ പറഞ്ഞു.. ഹേയ് .. അവനൊക്കെ നല്ല തിരക്കിലാ അവനൊന്നും വരില്ല ... ഹേയ് ഇല്ലച്ചാ.. വരും എനിയക്ക് വേണ്ടീട്ടാന്ന് പറ.... ഞാൻ കട്ട ഫാനല്ലേ..... ഞാൻ അങ്ങനെ ഡി ക്യു നെ വിളിച്ച് കാര്യം പറഞ്ഞു അവൻ പറഞ്ഞു പിന്നെന്താ ചേട്ടാ ഞാൻ വരാല്ലോന്ന്... അവൻ നമ്മുടെ ആളല്ലേന്ന് .... ( അങ്ങനെ അച്ചൻ വീണ്ടും ....)
ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ....
NB :എന്തായാലും ഇവൻ ഒരു ഭാവി സംവിധായകൻ ആകുമ്പോ ആരായിരിയ്ക്കും Hero എന്നതാണ് ഇപ്പൊഴത്തെ എന്റെ ചിന്ത സോമനോ .... അതോ ദുൽഖറോ....