ചാക്കോച്ചാ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, പാർവതി നിങ്ങൾ അത്ഭുതപ്പെടുത്തുന്നു: ടേക്ക് ഓഫ് കണ്ട് താരങ്ങൾ പറഞ്ഞത്

ശനി, 25 മാര്‍ച്ച് 2017 (13:34 IST)
പ്രശസ്ത ചിത്രസംയോജകൻ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച വിജയത്തിലേക്ക്. ഗംഭീര അഭിപ്രായമാണ് റിലീസ് ചെയ്ത ഓരോ കേന്ദ്രത്തിൽ നിന്നും രണ്ടാം ദിവസവും ലഭിക്കുന്നത്. പ്രേക്ഷരോടൊപ്പം സിനിമ പ്രവർത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.
 
ടേക്ക് ഓഫ് ഗംഭീരമെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്. മികച്ച മേയ്ക്കിങ് നിറഞ്ഞ സിനിമയാണ് ടേക്ക് ഓഫെന്ന് രഞ്ജിത് ശങ്കർ. മലയാളസിനിമയുടെ വളർച്ചയെ ആണ് ഈ ചിത്രത്തിലൂട കാണാനാകുന്നതെന്നും ഇത് മലയാളസിനിമയുടെ ടേക്ക് ഓഫ് ആണെന്നും സംവിധായകൻ രഞ്ജിത് പറഞ്ഞു.
 
മലയാളസിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ടേക്ക് ഓഫ്  എന്ന് ബോബൻ സാമുവൽ പറഞ്ഞു. ടേക്ക് ഓഫ് ഒരു മാസ്റ്റർ പീസ് എന്നായിരുന്നു ചിത്രം കണ്ട ജോജു ജോർജിന്റെ മറുപടി. മലയാള സിനിമക്ക് അഭിമാനിക്കാൻ മറ്റൊരു സിനിമ കൂടി എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞത്.
 
നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫും ടേക്ക് ഓഫിനെക്കുറിച്ച് പറയുകയുണ്ടായി. ' രാജ്യാന്തര നിലവാരത്തിലുള്ള മലയാളസിനിമയാണ് ടേക്ക് ഓഫ്. ബ്രില്യന്റ് സിനിമ. ഫഹദ്, നിങ്ങള്‍ വേറെ ലെവലാണ്. ആസിഫ് ഉൾപ്പടെയുള്ള അഭിനേതാക്കൾ മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ചാക്കോച്ചാ, നിങ്ങളിൽ അഭിമാനിക്കുന്നു. നിങ്ങൾ അത്ഭുതപ്പെടുത്തുന്നു. പാര്‍വതി, സിനിമ കാണുന്നതിനിടെ ഒരു നഴ്സായ എന്‍റെ ഭാര്യ എന്‍റെ കൈ പിടിച്ചു പറഞ്ഞു, പാര്‍വതി ഒരു സംഭവമാണെന്ന്. ഈ വേഷത്തിനായി നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രശംസയും ഇതുതന്നെയായിരിക്കും'. 
(കടപ്പാട്: മനോരമ ഓൺലൈൻ)
 

വെബ്ദുനിയ വായിക്കുക