ജയറാമിനെ കണ്ട് എഴുന്നേറ്റില്ല, ഭയങ്കര ജാഡ; ഒടുവിൽ അഭിനയം നിർത്തി സ്ഥലം വിട്ടെന്ന് സംവിധായകൻ അനിൽ

നിഹാരിക കെ.എസ്

ശനി, 15 മാര്‍ച്ച് 2025 (14:01 IST)
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് അനിൽ കുമാർ. അനിൽ കുമാർ, ബാബു നാരായണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയാണ് ഉത്തമൻ. 2001 ൽ പുറത്തിറങ്ങിയ ഉത്തമനിൽ ജയറാമായിരുന്നു നായകൻ. ഉത്തമന്റെ ഷൂട്ടിം​ഗിനിടെ നടന്ന സംഭവം ഓർത്തെടുക്കുകയാണ് സംവിധായകൻ അനിൽ കുമാറിപ്പോൾ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
   
ബാബുവിന്റെ ഏതോ ഫ്രണ്ട് അഭിനയിക്കാൻ വന്നു. ഭയങ്കര ജാ‍ഡയായിരുന്നു. ആർട്ടിസ്റ്റ് വരുമ്പോൾ എഴുന്നേൽക്കാതിരിക്കുക. അവർ ഭക്ഷണം കഴിക്കാൻ വരുമ്പോൾ മാറിക്കൊടുക്കാതിരിക്കുക. ആവശ്യമില്ലാത്തി‌ടത്ത് കയറി ഓരോ അഭിപ്രായം പറയുക. ബാബുവിനാണെെങ്കിൽ പുള്ളിയെ പറഞ്ഞയക്കാനും പറ്റില്ല. ഒരു ദിവസം ജയറാം വന്നപ്പോൾ അയാൾ എണീറ്റില്ല. ആരാണിതെന്ന് ജയറാം ചോദിച്ചു. ഉച്ചയ്ക്ക് ബ്രേക്ക് സമയത്ത് എല്ലാവരും കഴിക്കാനിരുന്നു. ഇയാൾ ഇരിപ്പുണ്ട്. ഇയാളുടെ ഭാ​ഗും വെച്ചി‌ട്ടുണ്ട്. രണ്ട് കസേര അങ്ങനെ പോയി.
 
ആര് വന്നിട്ടും പുള്ളി മെെൻഡ് ചെയ്യുന്നില്ല. കഴിച്ച് കൊണ്ടിരിക്കുകയാണ്. ആരോ പറഞ്ഞപ്പോൾ പുള്ളി എഴുന്നേറ്റ് പോയി. ബാബുരാജ്, ബാബു ആന്റണി, അബു സലിം, ജയറാം, സിദ്ധിഖ് എന്നിവരെല്ലാം അവിടെയുണ്ട്. എല്ലാവരും അവനെക്കുറിച്ച് ചർച്ച ചെയ്തു. കുറച്ച് കഴിഞ്ഞ് സീൻ തുടങ്ങി. സീനിൽ പൊലീസുകാർ തികയാത്തതിനാൽ ശല്യക്കാരനായ അയാളോട് ഒരു കോസ്റ്റ്യൂം എടുത്തിട് എന്ന് പറഞ്ഞു. അടിയും പിടിയുമായി സീനിൽ ഭയങ്കര ബഹളമാണ്. ക്യാമറ സ്റ്റാർട്ട് പറഞ്ഞു. വലിയ ഷോട്ടാണ്. ബാബു ആന്റണി വരുന്നു, സിദ്ദിറ് ജയറാമിനെ സെല്ലിനകത്താക്കുന്നു, പൊലീസുകാർ ഇടിച്ച് വീഴുന്നു. അവസാനം ജയറാം മാത്രം സെല്ലിനകത്ത്. എല്ലാം ഓക്കെയായെന്ന് കരുതിയപ്പോൾ താഴെ ഒരു പൊലീസുകാരൻ കിടക്കുന്നു. ആൾ എണീക്കുന്നില്ല. തിരിച്ചിട്ട് നോക്കിയപ്പോൾ ശല്യക്കാരനായ ആളാണ്. അയാൾ ബോധമില്ലാതെ കിടക്കുകയായിരുന്നു.
 
ആരാണ് കുഴപ്പമുണ്ടാക്കിയതെന്ന് ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ലെന്ന് ജയറാം പറഞ്ഞു. ദെെവത്തിനാണേൽ ഞാൻ ചെയ്തിട്ടില്ലെന്ന് ബാബുരാജ്. ബാബു ആന്റണിയും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ആരും ഒന്നും ചെയ്തിട്ടില്ല. ആ ചെക്കന്റെ തലയ്ക്ക് പിറകിൽ മുഴയുണ്ട്. ബോധമില്ലാത്ത അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. തിരിച്ച് വന്നപ്പോൾ അയാളെക്കൊണ്ട് ഒരു ശല്യവുമില്ല. പിന്നെ അയാളെ ഒരു സെറ്റിലും കണ്ടിട്ടില്ല. അയാൾ അഭിനയം നിർത്തി സ്ഥലം വിട്ടെന്നും അനിൽ ഓർത്തു.
  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍