Chanthu Salim Kumar: 'കാണാന്‍ കൊള്ളാമെന്ന് ആദ്യം പറഞ്ഞത് കാമുകി': നിറത്തിന്റെ പേരിൽ കളിയാക്കലുകൾ കേട്ടിട്ടുണ്ടെന്ന് ചന്തു സലിംകുമാര്‍

നിഹാരിക കെ.എസ്

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (12:16 IST)
നിറത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് നടന്‍ ചന്തു സലിംകുമാര്‍. നടനാകണമെന്ന് പറയുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ടെന്നും എന്നാല്‍ തന്റെ കാമുകി നല്‍കിയ ആത്മവിശ്വാസമാണ് തന്നെ നടനാക്കിയതെന്നും ചന്തു സലിംകുമാര്‍ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍ മനസ് തുറന്നത്.
 
''ചെറുപ്പത്തില്‍ രൂപത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കാണാന്‍ കൊള്ളില്ല എന്ന് കേട്ട് വളര്‍ന്ന ഒരാള്‍ ആയതിനാല്‍ നടനാകാന്‍ കഴിയില്ലെന്നാണ് കരുതിയത്. നടനാകാന്‍ സൗന്ദര്യം വേണം എന്നൊരു ചിന്തയുണ്ട്. അത് കേട്ട് കേട്ട് കേട്ടാണ് വളര്‍ന്നാണ്. നടനാകണം എന്ന് പറയുമ്പോള്‍ തമിഴ് സിനിമയില്‍ ഭാവിയുണ്ട് എന്നാകും പറയുക. അത് ഞാന്‍ രക്ഷപ്പെടണം എന്നു കരുതി പറയുന്നതല്ല. കറുത്തവനാണ്, കറുത്തവര്‍ തമിഴ് സിനിമയിലാണ് വരേണ്ടത് എന്നൊരു പൊതുബോധത്തിന്റെ ഭാഗമാണ്'' എന്നാണ് ചന്തു പറയുന്നത്.
 
''അതിലൂടെ വളര്‍ന്നു വന്നൊരാള്‍ ആയതിനാല്‍ നടനാകാന്‍ പറ്റും എന്നൊരു ചിന്തയുണ്ടായിരുന്നില്ല. കണ്ണാടിയിലൊക്കെ നോക്കി അഭിനയിച്ചു നോക്കുമ്പോഴും ഇതെല്ലാം കേട്ട് വളര്‍ന്നതിനാല്‍ എനിക്ക് ഒരിക്കലും തൃപ്തി ലഭിച്ചിരുന്നില്ല. എങ്ങനെയൊക്കെ കരഞ്ഞാലും കാണാന്‍ കൊള്ളില്ല. എനിക്ക് എന്നെ കാണാന്‍ ഇഷ്ടമല്ലാതായി. അങ്ങനൊരു ഘട്ടത്തിലാണ് കോളജില്‍ വച്ച് ആദ്യമായൊരു പ്രണയമുണ്ടാകുന്നത്'' ചന്തു പറയുന്നു.
 
'ആദ്യമായി എന്നെ കാണാന്‍ കൊള്ളാം എന്ന് പറയുന്നത് ആ കുട്ടിയാണ്. അത് കേട്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. പ്രണയിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കൊള്ളാമെന്ന് പറയുമല്ലോ. എങ്കിലും അതൊരു ആത്മവിശ്വാസം നല്‍കി. സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് ആദ്യമായി പറയുന്നത് ആ കുട്ടിയാണ്''.
 
ചെറുപ്പം മുതലേ തള്ളി ജീവിക്കുന്നയാളാണ് ഞാന്‍. എന്റെ ആഗ്രഹങ്ങളൊക്കെ വലുതായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ എന്റെ ആഗ്രഹം ഓസ്‌കര്‍ വാങ്ങണം എന്നായിരുന്നു. അതിനായി സ്‌ക്രീന്‍ റൈറ്റിങ് പഠിക്കാനാണ് ലിറ്ററേച്ചര്‍ എടുത്തത് എന്നായിരുന്നു പറഞ്ഞിരുന്നത്. സാധാരണ ഞാന്‍ ഓസ്‌കര്‍ എന്ന് പറയുമ്പോള്‍ എല്ലാവരും ചിരിക്കും. പക്ഷെ ആ കുട്ടി മാത്രം ചിരിച്ചില്ല. ഒരു ദിവസം കിട്ടും എന്നൊരു വിശ്വാസം തന്നു. എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ആ കുട്ടിയെന്നും ചന്തു പറയുന്നു.
 
ചെറുപ്പം മുതല്‍ ബുള്ളിയിങിലൂടെ തളര്‍ത്തിയ ഒരാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ ഇതൊന്നും എന്നെ തളര്‍ത്തില്ല. ഞാന്‍ ഇതൊക്കെ കണ്ടാണ് വളര്‍ന്നത്. അച്ഛനെ തെറി പറയുന്നത് കണ്ടാണ് വളര്‍ന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നതല്ല. ഇനിയാര്‍ക്കും കളിയാക്കി തളര്‍ത്താനാകില്ല. തോല്‍ക്കാത്ത ചന്തുവെന്ന് വേണമെങ്കില്‍ പറയാം എന്നും ചന്തു സലിംകുമാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍