മുന്‍ ജീവിതപങ്കാളിയും നടനുമായ ബാലയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക അമൃത സുരേഷ്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ബാല ശ്രമിക്കുന്നതെന്ന് അമൃത പറഞ്ഞു. സമീപകാലത്ത് അമൃതയ്‌ക്കെതിരെ ബാല പലതവണ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം തന്റെ അഭിഭാഷകര്‍ക്കൊപ്പം ഇരുന്ന് വ്യക്തമായ മറുപടി നല്‍കുകയാണ് അമൃത.
വിവാഹമോചനം ഇരുവരുടെയും സമ്മതപ്രകാരം ആയിരുന്നു. മാധ്യമങ്ങളിലൂടെയോ നവമാധ്യമങ്ങളിലൂടെയോ തേജോവധം ചെയ്യില്ലെന്ന് വിവാഹമോചന സമയത്ത് ബാല സമ്മതിച്ചിരുന്നു. വ്യക്തിപരമായ ജീവിതത്തിലേക്ക് കടന്നുകയറില്ലെന്നും നിയമപരമായി ബാല ഉറപ്പ് നല്‍കിയിരുന്നു. ഈ വ്യവസ്ഥകളെല്ലാം ബാല തുടര്‍ച്ചയായി തെറ്റിക്കുകയാണെന്ന് അമൃതയുടെ അഭിഭാഷകര്‍ പറഞ്ഞു.