1988ൽ റിലീസ് ചെയ്ത 'ഖയാമത്ത് സേ ഖയാമത്ത് തക്' എന്ന ചിത്രം ഹിറ്റായതിന് ശേഷമുണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിച്ച് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. ആമിറിന്റെ ആദ്യ സിനിമയായിരുന്നു ഇത്. സിനിമ ഹിറ്റായതോടെ തന്നെ തേടി 300 മുതൽ 400 വരെ ഓഫറുകൾ വന്നിരുന്നുവെന്നും ഒരുപാട് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തത് പിന്നീട് അബദ്ധമായെന്നും ആമിർ ഖാൻ പറഞ്ഞു.
'അതുവരെ മൻസൂർ ഖാനും നസീർ ഹുസൈനുമൊപ്പം മാത്രമേ ഞാൻ പ്രവർത്തിച്ചിരുന്നുള്ളൂ, അസിസ്റ്റൻറ് ആയി. പക്ഷേ എൻറെ ആദ്യ സിനിമ വിജയിച്ചതോടെ എനിക്ക് ഒരുപാട് ഓഫറുകൾ വരാൻ തുടങ്ങി. സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്ക് ആ സമയത്ത് 300 മുതൽ 400 ഓഫറുകൾ വരെ ലഭിച്ചു. പല സ്ഥലങ്ങളിൽ നിന്ന് ചലച്ചിത്ര നിർമ്മാതാക്കൾ എന്നെ കാണാനെത്തി. ഒരു പുതുമുഖം ആയിരുന്നതിനാൽ ഒരു ചിത്രം സൈൻ ചെയ്യുന്നത് പോലും ഒരു വലിയ ജോലിയാണെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല.
ആ സമയത്ത് അഭിനേതാക്കൾ 30 മുതൽ 50 സിനിമകൾ വരെയാണ് ഒരേ സമയത്ത് ചെയ്തുകൊണ്ടിരുന്നത്. അനിൽ കപൂർ ആണ് അതിൽ ഏറ്റവും കുറച്ച് സിനിമകൾ ഒരേ സമയം ചെയ്തിരുന്നത്. 33 ചിത്രങ്ങൾ. ഇതൊക്കെ കണ്ട് ആ സമയം ഒറ്റയടിക്ക് ഞാൻ 9- 10 ചിത്രങ്ങൾ കമ്മിറ്റ് ചെയ്തു. എന്നാൽ എനിക്ക് ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹമുള്ള സംവിധായകരിൽ നിന്നൊന്നും അവസരം ലഭിച്ചിരുന്നുമില്ല.
ഈ ചിത്രങ്ങളുടെ ഷൂട്ട് ആരംഭിച്ചപ്പോഴാണ് ചെയ്ത തെറ്റിൻറെ ആഴം എനിക്ക് മനസിലായത്. ഓരോ ദിവസവും മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവന്നു എനിക്ക്. ഞാൻ ഒട്ടും സന്തോഷവാനായിരുന്നില്ല. ദിവസവും വീട്ടിൽ എത്തിയാൽ ഞാൻ കരയുമായിരുന്നു. ചെയ്ത ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടാനും തുടങ്ങി. അന്ന് എന്നെ ഒരു വൺ ടൈം വണ്ടർ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.' ആമിർ ഖാൻ വ്യക്തമാക്കി.