ആദിത്യനെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ മോശം അഭിപ്രായം ഉണ്ടായിരുന്നു എന്നും എന്നാല്‍, ആദിത്യന്റെ വാക്കുകള്‍ വിശ്വസിച്ചാണ് വിവാഹത്തിനു താന്‍ തയ്യാറായതെന്നും അഭിനേത്രിയും നര്‍ത്തകിയുമായ അമ്പിളി ദേവി. ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരില്‍ വന്നു സംസാരിച്ചിട്ടാണ് വിവാഹം നടന്നതെന്നും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് ആദിത്യന്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്നും അമ്പിളി ദേവി പറഞ്ഞു. ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനെ കുറിച്ച് മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അമ്പിളി.
'ഇന്‍ഡസ്ട്രിയില്‍ കുറേ മോശം അഭിപ്രായങ്ങള്‍ ആദിത്യനെക്കുറിച്ച് ഉണ്ടായിരുന്നല്ലോ.. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു പറഞ്ഞത്,' അമ്പിളി പറഞ്ഞു. അച്ഛനും അമ്മയും ഇല്ലാതെ താന്‍ ഒറ്റയ്ക്കാണ് ജീവിച്ചതെന്നും അതുകൊണ്ട് ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്നും ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതായി അമ്പിളി. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് വിവാഹം ആലോചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും അമ്പിളി പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്നല്ല, തന്റെ കുടുംബത്തെ മൊത്തത്തില്‍ വേണമെന്നായിരുന്നു ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതെന്നും അമ്പിളി പറഞ്ഞു.