അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രം 'പുഷ്പ' റിലീസിന് മുന്‍പേ പണംവാരി സിനിമകളുടെ പട്ടികയില്‍; പ്രി-റിലീസ് ബിസിനസ് 250 കോടിയെന്ന് റിപ്പോര്‍ട്ട്

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (12:03 IST)
റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ കോടികള്‍ വാരിക്കൂട്ടി അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'. രണ്ട് ഭാഗങ്ങളായാണ് സിനിമ റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 17 നാണ് ആദ്യ ഭാഗത്തിന്റെ റിലീസ്. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. 
 
റിലീസിന് മുന്‍പേ 'പുഷ്പ' 250 കോടി രൂപ നേടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി. റൈറ്റ്സ്, സാറ്റ്ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 
 
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍