നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ജോഷി ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു മണിയന്‍പിള്ള രാജുവിന്റെത്. ചിത്രത്തില്‍ ഹിച്ച് കോക്ക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റായിരുന്നു മണിയന്‍പിള്ള രാജു. സിനിമയില്‍ മണിയന്‍പിള്ള രാജു മമ്മൂട്ടിയോട് പറഞ്ഞ കഥ ‘വാരിക്കുഴിയിലെ കൊലപാതകം’ 27 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയാകുകയാണ്.
നവാഗതനായ രജിഷ് മിഥിലയാണ് വാരിക്കുഴിയിലെ കൊലപാതകം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. രജിഷ് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ആരംഭിച്ചു കഴിഞ്ഞു. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എന്ന മണിയന്‍പിള്ള രാജുവിന്റെ നോവലിസ്റ്റ് കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന കഥയാണ് വാരിക്കുഴിയിലെ കൊലപാതകം.
ട്രെയിന്‍ യാത്രക്കിടെ തങ്ങളുടെ അടുത്ത കൂപ്പയില്‍ സഹയാത്രികനായി എത്തുന്ന മമ്മൂട്ടിയോട് കഥ പറയാനും പരിചയപ്പെടാനുമാണ് മണിയന്‍പിള്ള രാജുവും ജഗദീഷും എത്തുന്നത്. അര്‍ദ്ധരാത്രി പത്ത് മണി എന്ന് പറഞ്ഞാണ് ഹിച്ച് കോക്ക് കഥ ആരംഭിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ മമ്മൂട്ടി ഹിച്ച് കോക്കിനെ ഒഴിവാക്കുകയും ചെയ്യുന്നു.