കാര്‍ കാനയിലേക്ക് മറിഞ്ഞ നിലയില്‍, ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്തത് തിരക്കുള്ള സ്ഥലം; കുടുംബപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെന്ന് ആദിത്യന്‍

തിങ്കള്‍, 26 ഏപ്രില്‍ 2021 (11:20 IST)
ഏറെ തിരക്കുള്ള സ്ഥലമാണ് സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്തത്. തൃശൂര്‍ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിലാലിലെ ഇടറോഡില്‍ കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളിലാണ് ആദിത്യനെ കണ്ടെത്തിയത്. ഏറെ തിരക്കുള്ള സ്ഥലമാണ് ഇത്. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്ഥലം. ആദിത്യന്റെ കാര്‍ കാനയിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു. കാര്‍ മറിഞ്ഞ നിലയില്‍ കണ്ടപ്പോള്‍ ആളുകള്‍ കൂടി. വാഹനത്തിനുള്ളില്‍ നോക്കിയപ്പോള്‍ കയ്യില്‍ രക്തക്കറയുമായി ഒരാള്‍ കിടക്കുന്നതു കണ്ടു. പിന്നീടാണ് സീരിയല്‍ നടന്‍ ആദിത്യനാണെന്ന് ആളുകള്‍ക്ക് മനസിലായത്. കാറിന്റെ ഡോര്‍ തുറന്ന് ആദിത്യനെ പുറത്തേക്ക് എടുക്കുകയായിരുന്നു. കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആദിത്യനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൈ ഞെരമ്പ് മുറിച്ചതു കൂടാതെ ആദിത്യന്‍ ചില ഗുളികകളും കഴിച്ചിട്ടുണ്ടായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്ന് ആദിത്യന്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാന്‍ മാനസികമായി ഏറെ തളര്‍ന്നതായും ആദിത്യന്‍ പറഞ്ഞു. 

സീരിയല്‍ നടന്‍ ആദിത്യന്റെ ആത്മഹത്യാ ശ്രമം ഭാര്യയും നടിയുമായ അമ്പിളി ദേവി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ. ആദിത്യന്‍ വീട്ടിലെത്തി ആയുധം കാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്പിളി ദേവി ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അമ്പിളി പുറത്തുവിട്ടു. അതിനു പിന്നാലെയാണ് ആദിത്യന്റെ ആത്മഹത്യാ ശ്രമം. 

ഭര്‍ത്താവും സീരിയല്‍ നടനുമായ ആദിത്യന്‍ (ജയന്‍) തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടിയും നര്‍ത്തകിയുമായ അമ്പിളി ദേവി ശനിയാഴ്ചയാണ് വെളിപ്പെടുത്തിയത്. തന്റെ വീട്ടിലെത്തിയ ആദിത്യന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അമ്പിളി പുറത്തുവിട്ടു. 
 
കഴിഞ്ഞ 23 ന് വൈകിട്ടാണ് ആദിത്യന്‍ തന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതെന്ന് അമ്പിളി പറയുന്നു. തന്നെയും വീട്ടിലുള്ളവരെയും എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് അമ്പിളി പറയുന്നത്. 'വീട്ടിലെത്തിയ ശേഷം കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനുവേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. 'നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍, ആ ചെറുക്കന്റെ അണ്ണാക്കില്‍ അത് ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്,' ഇങ്ങനെ അയാള്‍ പറഞ്ഞത് എന്നില്‍ വളരെ വിഷമമുണ്ടാക്കി,' അമ്പിളി പറഞ്ഞു. 
 
അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങള്‍ക്കും എനിക്കും വസ്ത്രങ്ങള്‍ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. സ്‌നേഹത്തോടെ നല്‍കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോള്‍ തനിക്ക് എന്തോപോലെ തോന്നിയെന്നും അമ്പിളി പറഞ്ഞു. 
 
ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകന് വേണ്ടി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, അതൊക്കെ അയാളുടെ കാശാണ്, അങ്ങനെ പൈസ കുറേ പോയി എന്നൊക്കെയാണ് ആദിത്യന്‍ തന്നോട് പറഞ്ഞതെന്നും ഇത് വലിയ വിഷമമുണ്ടാക്കിയെന്നും അമ്പിളി പറയുന്നു. 
 
വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയ ദിവസം ആദിത്യന്‍ അപ്പുവിനു വേണ്ടി വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. ജയന്‍ ചേട്ടന്‍ ഇനി അപ്പുവിനു വേണ്ടി സാധനങ്ങള്‍ വാങ്ങി പൈസ കളയല്ലേ എന്നു ഞാന്‍ പറഞ്ഞു. ഇതേ കുറിച്ച് സംസാരിച്ച് പിന്നീട് തര്‍ക്കമായി. വസ്ത്രം വലിച്ചെറിഞ്ഞു. അതിനുശേഷം പുറത്തേയ്ക്ക് പോയി ഗേറ്റില്‍ ചവിട്ടി. പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീര്‍ത്തുകളയും എന്ന രീതിയില്‍ തന്നോട് ആദിത്യന്‍ സംസാരിച്ചെന്നും അമ്പിളി വെളിപ്പെടുത്തി. 
 
ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നൊക്കെ പറഞ്ഞാണ് ആദിത്യന്‍ തന്റെ വീട്ടില്‍ നിന്നു പോയതെന്നും അമ്പിളി പറഞ്ഞു. 

പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് പോരടിക്കുകയാണ് ആദിത്യന്‍-അമ്പിളി ദമ്പതികള്‍. അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടിയിരുന്നത് സീരിയല്‍ രംഗത്തുനിന്ന് തന്നെയുള്ള മറ്റൊരാളെ ആയിരുന്നെന്ന് ഭര്‍ത്താവും നടനുമായ ആദിത്യന്‍. തന്നെയോ ലോവലിനെയോ അല്ല അമ്പിളി ആദ്യം വിവാഹം ചെയ്യേണ്ടിയിരുന്നത് എന്ന് ആദിത്യന്‍ പറഞ്ഞു. 
 
'അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് എന്നെയോ ലോവലിനെയോ അല്ല. ഇന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്റെ സംവിധായകനെയാണ്. അയാളുമായി അമ്പിളി ഇഷ്ടത്തിലായിരുന്നു. അത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാം. അതുകഴിഞ്ഞ് അമ്പിളി കല്യാണം കഴിക്കേണ്ടത് ഉണ്ണി എന്നു പറയുന്ന അസോസിയേറ്റിനെ ആയിരുന്നു. അത് കഴിഞ്ഞ് കല്യാണം കഴിക്കേണ്ടിയിരുന്നത് എന്നെ ആയിരുന്നു,' കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞു. 
 
തനിക്ക് പരസ്ത്രീബന്ധമുണ്ടെന്ന ഭാര്യ അമ്പിളിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടന്‍ ആദിത്യന്‍. മറ്റൊരു ബന്ധമുണ്ടെന്ന അമ്പിളിയുടെ ആരോപണം നുണയാണെന്നും തന്റെ കുറവുകള്‍ പറഞ്ഞിട്ടാണ് കല്യാണം കഴിച്ചതെന്നും ആദിത്യന്‍ പറഞ്ഞു. സമയം മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ ഇക്കാര്യം പറഞ്ഞത്. വിവാഹത്തിനു മുന്‍പും ശേഷവും അമ്പിളിക്ക് മറ്റൊരു ആളുമായി അടുപ്പമുണ്ടെന്നും ആദിത്യന്‍ ആരോപിച്ചു. 
 
'വിവാഹം കഴിഞ്ഞ ആദ്യ ദിവസം അമ്പിളിക്ക് ഒരു ഫോണ്‍കോള്‍ വന്നു. നെറ്റ് നമ്പറില്‍ നിന്നായിരുന്നു അത്. ആ കോളുമായി അമ്പിളിയുടെ അമ്മ പുറത്ത് പോകുകയാണ് ചെയ്തത്. ആരാണ് വിളിച്ചതെന്ന് ഞാന്‍ അന്വേഷിച്ചില്ല. കാരണം അമ്പിളിയെ എനിക്ക് അത്ര വിശ്വാസമാണ്. അസ്ഥാനത്തുള്ള കോള്‍ കണ്ടിട്ട് ആരാ ഇതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആരാധകരാണെന്നാണ് അമ്പിളിയുടെ അമ്മ പറഞ്ഞത്,' ആദിത്യന്‍ പറഞ്ഞു. 
 
താന്‍ അമ്പിളിയുടെ കുടംബവുമായി യാത്ര ചെയ്യുന്ന ഒരു ദിവസം വീണ്ടും ആ കോള്‍ വന്നുവെന്നും ആദിത്യന്‍ പറയുന്നു. നെറ്റ് നമ്പറില്‍ നിന്നു തന്നെയാണ് കോള്‍ വന്നത്. താനാണ് ആ കോള്‍ എടുത്തത്. ആരാണ് എന്ന് ചോദിച്ചു. അയാള്‍ പേര് പറഞ്ഞു, അമ്പിളി എവിടെ എന്നും ചോദിച്ചു. അപ്പോള്‍ അമ്പിളി തിരക്കില്‍ ആണ് എന്ന് പറയാന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കട്ട് ചെയ്യുകയും ചെയ്തു. വീണ്ടും ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോള്‍ തന്റെ യൂകെയില്‍ ഉള്ള ആരാധകന്‍ ആണ് തലവേദനയാണ് എന്നെല്ലാമാണ് അമ്പിളി തന്നോട് പറഞ്ഞതെന്നും ആദിത്യന്‍ അഭിമുഖത്തില്‍ പറഞ്ഞു. 
 
പിന്നീടൊരിക്കല്‍ തനിക്ക് അയാളില്‍ നിന്ന് മെസേജ് ലഭിച്ചെന്നും സംസാരിക്കാനുണ്ടെന്ന് പറഞ്ഞെന്നും ആദിത്യന്‍ പറയുന്നു. ഇയാളില്‍ നിന്ന് ഏറെ ശല്യപ്പെടുത്തുന്ന തരത്തില്‍ മെസേജുകള്‍ ലഭിച്ചെന്നും അതിന്റെ പേരില്‍ മദ്യപിക്കുകയും ഇയാള്‍ ആരാണെന്ന് അമ്പിളിയോട് ചോദിക്കുകയും ചെയ്‌തെന്നും ആദിത്യന്‍. എന്നാല്‍, അയാള്‍ ഫ്രോഡ് ആണെന്നാണ് അമ്പിളി അന്നു നല്‍കിയ മറുപടിയെന്നും അമ്പിളി പറഞ്ഞത് താന്‍ വിശ്വസിച്ചെന്നും ആദിത്യന്‍ പറഞ്ഞു. പിന്നീട് അമ്പിളിയും ഇയാളും തമ്മില്‍ ചാറ്റിങ് ഉണ്ടെന്ന് തനിക്ക് മനസിലായെന്നും വിവാഹം കഴിഞ്ഞ് അമ്പിളി ഗര്‍ഭിണിയായ സമയത്താണ് ഈ പ്രശ്‌നങ്ങളെല്ലാം നടക്കുന്നതെന്നും ആദിത്യന്‍ പറഞ്ഞു. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച് കൊണ്ടുപോകുകയാണെന്നും ഇതിന്റെ പേരില്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആദിത്യന്‍ ആരോപിച്ചു. 

ടെലിവിഷന്‍ താരവും ഭര്‍ത്താവുമായ ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്നും വലിയ വേദനയോടെയാണ് ജീവിതത്തില്‍ കടന്നുപോയതെന്നും അമ്പിളി ദേവി കഴിഞ്ഞ ദിവസമാണ് തുറന്നുപറഞ്ഞത്. ആദിത്യനുമായുള്ള ബന്ധം അമ്പിളി വേര്‍പിരിയുകയാണെന്ന തരത്തില്‍ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അതിനെയെല്ലാം ശരിവയ്ക്കുന്ന പ്രതികരണമാണ് താരത്തിന്റേത്. 
 
ആദിത്യനു മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അത് അറിഞ്ഞതു മുതല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം കുറഞ്ഞെന്നും അമ്പിളി പറയുന്നു. വിവാഹമോചനം അനുവദിക്കണമെന്നാണ് ആദിത്യന്റെ ആവശ്യം. അതിനായി തന്നെ സമീപിച്ചെന്നും അമ്പിളി പറയുന്നു. 
 
'കുറേ നാളായി എന്നെ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ബ്ലോക്ക് മാറ്റി അയയ്ക്കും. വീണ്ടും ബ്ലോക്ക് ചെയ്യും,' മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമ്പിളി ദേവി പറഞ്ഞു.  

താന്‍ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നെന്നും എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്ന വിവാദങ്ങളില്‍ സത്യങ്ങളുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 
 
നിയമപരമായി ഇപ്പോഴും താന്‍ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഗര്‍ഭിണി ആകുന്നതുവരെയുള്ള വിവാഹബന്ധം വളരെ സന്തോഷകരമായിരുന്നെന്നും അമ്പിളി ദേവി പറഞ്ഞു. തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ആദിത്യന്‍ റിലേഷന്‍ഷിപ്പിലാണെന്ന് അമ്പിളി പറയുന്നു. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി അഭിമുഖത്തില്‍ പറഞ്ഞു. 
 
ഡെലിവറി കഴിഞ്ഞ സമയത്ത് ആദിത്യന്‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. ബിസിനസിനുവേണ്ടി തൃശൂര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം താന്‍ വിശ്വസിക്കുകയായിരുന്നെന്നും കഴിഞ്ഞ മാര്‍ച്ചിലാണ് ഇക്കാര്യങ്ങളെല്ലാം താന്‍ അറിഞ്ഞതെന്നും അമ്പിളി പറയുന്നു. താന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണമെന്നാണ് ആദിത്യന്റെ ഇപ്പോഴത്തെ ആവശ്യമെന്നും അമ്പിളി പറഞ്ഞു.

ആദിത്യനെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ മോശം അഭിപ്രായം ഉണ്ടായിരുന്നു എന്നും എന്നാല്‍, ആദിത്യന്റെ വാക്കുകള്‍ വിശ്വസിച്ചാണ് വിവാഹത്തിനു താന്‍ തയ്യാറായതെന്നും അമ്പിളി ദേവി പറഞ്ഞു. ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരില്‍ വന്നു സംസാരിച്ചിട്ടാണ് വിവാഹം നടന്നതെന്നും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് ആദിത്യന്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്നും അമ്പിളി ദേവി പറഞ്ഞു. ആദിത്യനുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അമ്പിളി. 
 
'ഇന്‍ഡസ്ട്രിയില്‍ കുറേ മോശം അഭിപ്രായങ്ങള്‍ ആദിത്യനെക്കുറിച്ച് ഉണ്ടായിരുന്നല്ലോ.. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു പറഞ്ഞത്,' അമ്പിളി പറഞ്ഞു. അച്ഛനും അമ്മയും ഇല്ലാതെ താന്‍ ഒറ്റയ്ക്കാണ് ജീവിച്ചതെന്നും അതുകൊണ്ട് ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെന്നും ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതായി അമ്പിളി. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് വിവാഹം ആലോചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ആദിത്യന്‍ തന്റെ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും അമ്പിളി പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്നല്ല, തന്റെ കുടുംബത്തെ മൊത്തത്തില്‍ വേണമെന്നായിരുന്നു ആദിത്യന്‍ വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നതെന്നും അമ്പിളി പറഞ്ഞു. 
 
'ജീവിതം' എന്ന ക്യാപ്ഷന്‍ നല്‍കി അമ്പിളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മുതലാണ് ഗോസിപ്പുകള്‍ പരന്നു തുടങ്ങിയത്. പിന്നീട് അമ്പിളി ആദിത്യന്‍ എന്നായിരുന്ന ഫെയ്‌സ്ബുക്ക് പേര് അമ്പിളി ദേവി എന്നാക്കി അപ്‌ഡേറ്റ് ചെയ്തു. 'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണ താമരയെ കൈവെടിഞ്ഞോ' എന്ന ശോകമയമായ ഗാനശകലമാണ് അമ്പിളി പോസ്റ്റ് ചെയ്തത്. ആദിത്യനൊപ്പം നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി കിടന്നിരുന്നത്. അതും അമ്പിളി ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിച്ചതോടെ 'ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്' എന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞിരുന്നു. 
 
2019ലാണ് അമ്പിളിയും ആദിത്യനും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകന്‍ പിറന്നു. അര്‍ജുന്‍ എന്നാണ് മകന് പേര്. അമര്‍നാഥ് എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍