2015ല്‍ നയന്‍‌താര തന്നെ താരം!

വ്യാഴം, 22 ജനുവരി 2015 (12:36 IST)
തമിഴകത്ത് ഈ വര്‍ഷത്തിന്‍റെ നായിക ആരായിരിക്കും? അതിന് 'നയന്‍‌താര' എന്നല്ലാതെ മറ്റൊരു പേര് ഉയര്‍ന്നുവരില്ല. കാരണം, അത്രയധികം ഗംഭീര പ്രൊജക്ടുകളാണ് നയന്‍‌താരയ്ക്കായി ഈ വര്‍ഷം കാത്തിരിക്കുന്നത്.
 
അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത തമിഴ് ഹൊറര്‍ ചിത്രം 'മായ' ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. നയന്‍‌താരയ്ക്കൊപ്പം ആരിയാണ് ഈ സിനിമയിലെ നായകന്‍. 
 
ഉദയാനിധി സ്റ്റാലിന്‍റെ നായികയായി നയന്‍സ് എത്തുന്ന റൊമാന്‍റിക് കോമഡിച്ചിത്രം '‌നന്‍‌പേന്‍‌ടാ' ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യും. സന്താനവും അഭിനയിക്കുന്ന ഈ സിനിമയുടെ സംവിധാനം ജഗദീഷ്.
 
ജീവിതത്തില്‍ ഒരിക്കല്‍ പ്രണയജോഡിയായിരുന്ന ചിമ്പു - നയന്‍‌താര ടീം വീണ്ടും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ഇത് നമ്മ ആള്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ റിലീസും ഏപ്രിലിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
 
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സൂര്യച്ചിത്രമായ 'മാസ്' നയന്‍‌താരയുടെ ഈ വര്‍ഷത്തെ മറ്റൊരു വമ്പന്‍ സിനിമയാണ്. ഒരു സൂപ്പര്‍നാച്വറല്‍ ത്രില്ലറായ മാസ് നിര്‍മ്മിക്കുന്നതും സൂര്യ തന്നെ. ഒക്ടോബര്‍ 22ന് ദീപാവലി റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
 
റൊമാന്‍റിക് ആക്ഷന്‍ എന്‍റര്‍ടെയ്നറായ തനി ഒരുവന്‍ ആണ് നയന്‍സിന്‍റെ ഈ വര്‍ഷത്തെ മറ്റൊരു ഗംഭീര സിനിമ. എം രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയം രവിയാണ് നായകന്‍. അരവിന്ദ് സ്വാമിയും ഈ സിനിമയില്‍ അഭിനയിക്കുന്നു.
 
വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന നാനും റൌഡി താന്‍ എന്ന സിനിമയില്‍ വിജയ് സേതുപതിയുടെ നായികയായാണ് നയന്‍‌താര എത്തുന്നത്. ധനുഷ് നിര്‍മ്മിക്കുന്ന ഈ സിനിമ ജൂണിലേക്ക് ചാര്‍ട്ട് ചെയ്തിരിക്കുന്നു. അനിരുദ്ധ് ആണ് സംഗീതം.
 
സിദ്ദിക്ക് സംവിധാനം ചെയ്യുന്ന 'ഭാസ്കര്‍ ദി റാസ്കല്‍' എന്ന മലയാള ചിത്രത്തിലും നയന്‍‌താര തന്നെ നായിക. സാക്ഷാല്‍ മമ്മൂട്ടിയാണ് ഈ സിനിമയില്‍ നയന്‍‌സിന് നായകന്‍.

വെബ്ദുനിയ വായിക്കുക