“പുലിമുരുകനെ പേടിച്ചിട്ടില്ല, പിന്നെയാ...” - മമ്മൂട്ടിയുടെ പിന്‍‌മാറ്റത്തില്‍ ആരാധകര്‍ക്ക് ആശങ്കയില്ല!

ബുധന്‍, 30 നവം‌ബര്‍ 2016 (12:27 IST)
ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ‘ദി ഗ്രേറ്റ്ഫാദര്‍’ റിലീസ് മാറ്റിവച്ചതായിരുന്നു കഴിഞ്ഞ ദിവസം വന്ന പ്രധാന വാര്‍ത്ത. ജനുവരിയിലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ജനുവരി 27നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഫാമിലി ത്രില്ലറാണ്. പൃഥ്വിരാജാണ് നിര്‍മ്മാണം.
 
ഡബ്ബിംഗിനും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടുന്നത്. ചിത്രത്തിന്‍റെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്തുകൊണ്ട് ദി ഗ്രേറ്റ് ഫാദര്‍ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടതില്ലെന്നാണ് പൃഥ്വിരാജിന്‍റെ തീരുമാനം. ഇതോടെ മമ്മൂട്ടിക്ക് ക്രിസ്മസ് റിലീസ് ഉണ്ടാകില്ല.
 
എന്നാല്‍, മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമ വരുന്നതിനാലാണ് ദി ഗ്രേറ്റ്ഫാദര്‍ മാറ്റിവച്ചതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നു. ഇത്തരം പ്രചരണത്തെ തള്ളിക്കളയുന്നതായും ദി ഗ്രേറ്റ്ഫാദറില്‍ മെഗാഹിറ്റ് പ്രതീക്ഷയുണ്ടെന്നുമാണ് മമ്മൂട്ടി ആരാധകരുടെ നിലപാട്. മലയാളത്തില്‍ നിന്ന് ഒരു ഹോളിവുഡ് ക്വാളിറ്റി ചിത്രം ഗ്രേറ്റ്ഫാദറിലൂടെ പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു. മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമയായ പുലിമുരുകനെപ്പോലും പേടിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തരം പ്രചരണത്തിലൊന്നും കഴമ്പില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. 
 
പതിവുരീതികളെ എല്ലാം പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ദി ഗ്രേറ്റ്ഫാദര്‍. നവാഗതനായ ഹനീഫ് അദേനിയാണ് സംവിധാനം. ഒരു കുടുംബത്തിന്‍റെ കഥയാണ് ദി ഗ്രേറ്റ് ഫാദര്‍ എന്ന് ചിത്രത്തിന്‍റെ പേരുകൊണ്ടുതന്നെ അറിയാം. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. എന്നാല്‍ അതുമാത്രമല്ല കഥ. വലിയൊരു സസ്പെന്‍സ് ഫാക്ടര്‍ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയിലുണ്ട്.
 
ഈ സിനിമ ഒരു അധോലോക കഥയാണ് പറയുന്നതെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്തായാലും ചിത്രത്തിന്‍റെ ലൊക്കേഷനുകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. ആര്യ ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്നേഹയും ചിത്രത്തിലുണ്ട്. 
 
പുലിമുരുകന്‍ മോഹന്‍ലാലിന്‍റെ കരിയറില്‍ എങ്ങനെ ഗുണം ചെയ്തോ, അതേ ഇം‌പാക്ട് മമ്മൂട്ടിയുടെ കരിയറില്‍ ദി ഗ്രേറ്റ് ഫാദറും ഉണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 100 കോടി ക്ലബിലേക്ക് മമ്മൂട്ടി ഈ ചിത്രത്തിലൂടെ കടക്കുമോ? കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക