‘ബ്യൂട്ടിഫുള്‍’ രാജ്യം മുഴുവന്‍ പടരുന്നു!

തിങ്കള്‍, 6 ഫെബ്രുവരി 2012 (12:47 IST)
PRO
ബ്യൂട്ടിഫുള്‍ ഒരു ചെറിയ ചിത്രമായിരുന്നു. വളരെ കുറഞ്ഞ ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം. എന്നാല്‍ ബോക്സോഫീസില്‍ അത് അത്ഭുതം സൃഷ്ടിച്ചു. ജനങ്ങള്‍ ഏറ്റെടുത്തു. വമ്പന്‍ സിനിമകള്‍ പോലും കാലിടറിയപ്പോള്‍ ബ്യൂട്ടിഫുള്‍ ഒരു പ്രതിസന്ധിയിലും ഉലയാതെ മുന്നേറി. ഇപ്പോള്‍ ചിത്രം 75 ദിവസം പൂര്‍ത്തിയാക്കിയിരിക്കുന്നു.

അനൂപ് മേനോന്‍റെ ശക്തമായ തിരക്കഥ, വി കെ പ്രകാശിന്‍റെ ലളിതമായ ആവിഷ്കാരം, ജയസൂര്യയുടെയും അനൂപിന്‍റെയും മേഘ്‌ന രാജിന്‍റെയും മികച്ച അഭിനയം എന്നിവയാണ് സിനിമയെ വന്‍ വിജയമാക്കിയത്. എന്തായാലും ബ്യൂട്ടിഫുള്‍ ഇനി കേരളത്തില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.

തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ ഭാഷകളിലേക്ക് ബ്യൂട്ടിഫുള്‍ ഉടന്‍ റീമേക്ക് ചെയ്യും. ഹിന്ദി റീമേക്കിന്‍റെ ചര്‍ച്ചകളും നടക്കുന്നു. ഹൈദരാബാദ് ആസ്ഥാനമാക്കിയ ഒരു കമ്പനിയാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലേക്കും ബ്യൂട്ടിഫുള്‍ റീമേക്ക് ചെയ്യാനാണ് നീക്കം. അതേസമയം 75 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ തന്നെ ചിത്രം കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക