ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യാനിരുന്ന ‘ഗാഥ’ എന്ന ചിത്രം ഉപേക്ഷിക്കപ്പെടുന്ന ഘട്ടം വരെയെത്തിയെങ്കിലും വീണ്ടും പ്രൊജക്ടിന് ജീവന്‍ വയ്ക്കുകയാണ്. എന്തായാലും മലയാളത്തില്‍ പ്രൊജക്ട് ഉണ്ടാകില്ലെന്ന് ഉറപ്പായി. തമിഴിലും ഇംഗ്ലീഷിലുമായി ഒരുങ്ങുന്ന സിനിമയില്‍ കമല്‍ഹാസന്‍ നായകനാകുന്നു എന്നാണ് ഏറ്റവും പുതിയ വിവരം.
‘ഗാഥ’യില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍മാറിയതോടെ പ്രൊജക്ട് വേണ്ടെന്നുവയ്ക്കാമെന്നുള്ള ഒരാലോചന സംവിധായകന്‍റെയും നിര്‍മ്മാതാക്കളുടെയും ഭാഗത്തുനിന്നുണ്ടായിരുന്നുവത്രേ. എന്നാല്‍ ഈ പ്രൊജക്ടില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കമല്‍ഹാസന്‍ എത്തിയതോടെയാണ് വീണ്ടും ഗാഥ കളത്തിലെത്തുന്നത്. തമിഴിലും ഇംഗ്ലീഷിലും കമല്‍ തന്നെയായിരിക്കും നായകന്‍ എന്നുമറിയുന്നു.
മലയാളത്തിന് താങ്ങാനാവാത്ത ബജറ്റ് ചിത്രത്തിനുണ്ടാകുമെന്ന് വന്നതോടെ മലയാളത്തില്‍ സിനിമ വേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതായാണ് വിവരം. ടി പത്‌മനാഭന്‍റെ പ്രശസ്ത കഥ ‘കടല്‍’ ആണ് ഗാഥ എന്ന പേരില്‍ സിനിമയാകുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പേ ഇതേപ്പറ്റിയുള്ള ആലോചന തുടങ്ങിയതാണ്. കുട്ടിസ്രാങ്കിന് ശേഷം ഈ പ്രൊജക്ട് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ പ്രൊജക്ട് തുടങ്ങാന്‍ വൈകിയതോടെ സ്വപാനം എന്ന ജയറാം പ്രൊജക്ട് ഷാജി എന്‍ കരുണ്‍ ചെയ്തു.