‘കമ്മത്ത്’ ലാഭമായി, ലോക്പാല്‍ 10 വര്‍ഷത്തെ ഏറ്റവും കനത്ത പരാജയം!

വ്യാഴം, 28 ഫെബ്രുവരി 2013 (15:50 IST)
PRO
മമ്മൂട്ടിക്കും ആന്‍റോ ജോസഫിനും ഇനി ചിരിക്കാം. ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ ലാഭം നേടി. ആദ്യ ആഴ്ചയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ബോക്സോഫീസില്‍ വന്‍ തിരിച്ചടി നേരിട്ട കമ്മത്ത് നാലാം വാരത്തിലും അഞ്ചാം വാരത്തിലും മുന്നേറ്റം നടത്തി ലാഭം നേടുകയായിരുന്നു.

ഒമ്പതുകോടിയിലധികം മുതല്‍മുടക്കിയ ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ ഗംഭീര ഇനിഷ്യല്‍ കളക്ഷനാണ് നേടിയത്. എന്നാല്‍ ചിത്രത്തേക്കുറിച്ച് മോശം അഭിപ്രായം പ്രചരിച്ചതോടെ നാലുദിവസം കഴിഞ്ഞപ്പോള്‍ തിയേറ്ററുകളില്‍ ആളില്ലാതായി. നൂറിലധികം തിയേറ്ററുകളില്‍ റിലീസായ സിനിമ നാലാം വാരമെത്തുമ്പോഴേക്കും 20 കേന്ദ്രങ്ങളിലേക്ക് ചുരുങ്ങി.

അഞ്ചുകോടി രൂപയോളം സാറ്റലൈറ്റ് റൈറ്റ് നേടാനായതാണ് കമ്മത്ത് ആന്‍റ് കമ്മത്തിന് ഗുണമായത്. ഇതുവരെ നാലുകോടിയിലധികം രൂപ തിയേറ്ററുകളില്‍ നിന്ന് നേടി. വലിയ റിലീസുകളില്ലാത്ത ഈ സമയത്ത് കമ്മത്തിന് കളക്ഷന്‍ വര്‍ദ്ധിച്ചതോടെ നിര്‍മ്മാതാവ് ആന്‍റോ ജോസഫിന് ആശ്വസിക്കാം.

അതേസമയം ‘ലോക്‍പാല്‍’, ജോഷിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ സിനിമകളില്‍ ഏറ്റവും വലിയ പരാജയചിത്രമായി. വളരെ മോശം പ്രകടനമാണ് ഈ സിനിമ ആദ്യ ദിനങ്ങള്‍ മുതല്‍ നടത്തിയത്. നാലാം വാരമായപ്പോഴേക്കും വെറും മൂന്ന് റിലീസിംഗ് സെന്‍ററുകളിലേക്ക് ഒതുങ്ങിപ്പോയ ലോക്പാല്‍ അധികം വൈകാതെ പ്രദര്‍ശനം അവസാനിപ്പിക്കും. മോഹന്‍ലാല്‍ തന്‍റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ചിത്രമായിരിക്കും ലോക്പാല്‍.

കുഞ്ചാക്കോ ബോബന്‍ - ബിജുമേനോന്‍ ടീമിന്‍റെ റോമന്‍സ് സൂപ്പര്‍ഹിറ്റാണ്. ഇപ്പോഴും സ്റ്റഡി കളക്ഷനുള്ള സിനിമ നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പതാം ദിവസത്തിലേക്ക് കടന്ന അന്നയും റസൂലും ഇപ്പോഴും പ്രേക്ഷകപ്രീതി നേടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക