‘പ്രേമ’ത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ചിത്രം എന്ന നിലയില്‍ ‘ആക്ഷന്‍ ഹീറോ ബിജു’വിന് മേലുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. ചിത്രത്തിന്‍റെ പേര് ഇതൊരു വലിയ ആക്ഷന്‍ മസാല എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്ന തോന്നല്‍ ഉളവാക്കി. എന്നാല്‍ തിയേറ്ററുകളിലെത്തിയ പ്രേക്ഷകര്‍ക്ക് കിട്ടിയത് വളരെ റിയലിസ്റ്റിക്കായ ഒരു നല്ല സിനിമയായിരുന്നു. ആദ്യത്തെ ഷോക്കില്‍ നിന്ന് മോചിതരായ പ്രേക്ഷകര്‍ പിന്നീട് ചിത്രത്തെ അംഗീകരിച്ചു. ആക്ഷന്‍ ഹീറോ ബിജു ഹിറ്റ്!
എന്നാല്‍ ഈ സിനിമയെ ചിലര്‍ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് നിവിന്‍ പോളി പറയുന്നു. സോഷ്യല്‍ മീഡിയയാണ് അവര്‍ ആക്രമണത്തിനായി ഉപയോഗിച്ചത്. ചിത്രം റിലീസായി ആദ്യ മൂന്നുദിവസം ആക്രമണം വളരെ രൂക്ഷമായിരുന്നു. ചിത്രത്തേക്കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ പോസ്റ്റുകളായും കമന്‍റുകളായും പ്രചരിപ്പിക്കുകയായിരുന്നു.
ചിത്രം കണ്ട് സത്യന്‍ അന്തിക്കാട്, അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, അജു വര്‍ഗീസ് തുടങ്ങിയവര്‍ വിളിച്ച് അഭിനന്ദിച്ചു. ചിത്രം വിജയത്തിലേക്ക് നീങ്ങുന്നു എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായതെന്നും നിവിന്‍ പോളി പറയുന്നു.