ബോളിവുഡില്‍ ബ്ലോക്ക് ബസ്റ്ററായ 3 ഇഡിയറ്റ്‌സിന്റെ റിമേക്കില്‍ നിന്ന് സൂര്യ പുറത്തായെന്ന് കോടമ്പാക്കം റിപ്പോര്‍ട്ട്. രാജ്‌കുമാര്‍ ഹിറാനി സംവിധാനം ചെയ്ത 3 ഇഡിയറ്റ്സില്‍ അമീര്‍ ഖാന്‍ ചെയ്ത നായകവേഷം തമിഴ് റീമേക്കില്‍ ഇളയ ദളപതി വിജയ് ചെയ്യുമെന്നായിരുന്നു പ്രാരംഭ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പിന്നീട് വിജയ്‌ക്ക് പകരം സൂര്യയെയാണ് ഷങ്കര്‍ നായകനാക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴിതാ, സൂര്യയ്ക്ക് പകരമായി വിജയ് തന്നെ മതിയെന്ന് ഷങ്കര്‍ ഉറപ്പിച്ചിരിക്കുന്നു.
വിജയ്‌ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്‍ ഏകാധിപത്യം നടത്തുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെ ‘നന്‍പനി’ല്‍ നിന്ന് (സിനിമയുടെ തമിഴ് പേര് നന്‍പന്‍ എന്നാണ്) വിജയിനെ പുറത്താക്കാന്‍ ആരൊക്കെയോ ഷങ്കറെ നിര്‍ബന്ധിച്ചു എന്നായിരുന്നു ഒരു പ്രചരണം. അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍, സുറ എന്നീ സിനിമകള്‍ വരിവരിയായി പൊട്ടിയതോടെ വിജയിന്‍റെ താരമൂല്യം കുറഞ്ഞതാണ് ഷങ്കറെ മാറ്റിചിന്തിപ്പിച്ചത് എന്നും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
ജനുവരി 26നാണ് നന്‍പന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹീറോ ഉള്‍പ്പെടാത്ത സീനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. നന്‍പനില്‍ സൂര്യയെ മാറ്റി വിജയിനെ നായകനാക്കാന്‍ ഷങ്കര്‍ തീരുമാനിച്ച കാര്യം പുറത്തുവന്നത് വെള്ളിയാഴ്ചയാണ്. കാവലന്‍ എന്ന സിനിമയിലൂടെ തമിഴകത്തെ ‘രണ്ടാമത്തെ താരരാജാവ്’ എന്ന പദവി തിരിച്ചുപിടിച്ച വിജയിന്‍റെ ജനപ്രീതി തന്നെയായിരിക്കാം ഷങ്കറെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്നുവേണം കരുതാന്‍.
നന്‍പനില്‍ നായകനാകണമെങ്കില്‍ ‘ചില നിബന്ധനകള്‍ക്ക്’ ഷങ്കര്‍ തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്‍ന്നാണ് സൂര്യ വേണ്ടെന്ന് ഷങ്കര്‍ തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു. എന്തായാലും, ഇപ്പോഴത്തെ സൂചനയനുസരിച്ച് വിജയ്, ജീവ, ശ്രീകാന്ത് എന്നിവരാണ് തമിഴ് റീമേക്കില്‍ കൂട്ടുകാരായി അഭിനയിക്കുക. ഇല്യാന നായികയാവുന്ന ചിത്രത്തില്‍ കോളജ് പ്രിന്‍സിപ്പലിനെ സത്യരാജ് കഥാപാത്രത്തെ അവതരിപ്പിക്കും. ജെമിനി ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്.
അടുത്ത പേജില്‍ - സൂര്യ മാത്രമല്ല 3 ഇഡിയറ്റ്‌സില്‍ നിന്ന് ‘ഔട്ട്’ ആയത്
PRO
ഷങ്കര്‍ എന്ന ബഹുമുഖ പ്രതിഭ ഏറ്റെടുത്തിരിക്കുന്ന പ്രോജക്ട് എന്നതിനാല്‍ നന്‍പന്‍ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സിനിമയില്‍ ഷങ്കറിനോടൊപ്പം സഹകരിക്കാന്‍ താരങ്ങള്‍ കടിപിടി കൂട്ടുകയും ചെയ്തു. ‘ഷങ്കര്‍ സാറിന്റെ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ കൊതിയാകുന്നു’ എന്ന് വിജയ് തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും, ഈ പ്രൊജക്ടില്‍ സഹകരിക്കുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെടുകയും എന്നാല്‍ ഒഴിവാക്കപ്പെടുകയും ചെയ്ത താരങ്ങളുടെ എണ്ണം ഏറെയാണ്.
3 ഇഡിയറ്റ്സില്‍ താന്‍ ചെയ്ത റോള്‍ നന്‍പനിലും ആവര്‍ത്തിക്കുമെന്ന് മാധവന്‍ പറഞ്ഞിരുന്നു. എന്നാല്‍ നന്‍പനില്‍ താന്‍ ഉണ്ടായിരിക്കില്ലെന്ന് മാധവന്‍ പിന്നീട് തിരുത്തിപ്പറയുകയുണ്ടായി. 3 ഇഡിയറ്റ്സ് ഇപ്പോള്‍ തന്നെ സിനിമാ ചരിത്രത്തിന്റെ ഭാഗമാണെന്നും താന്‍ അഭിനയിച്ച വേഷം ഒന്നുകൂടി ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ല എന്നുമാണ് മാധവന്‍ കാരണമായി പറഞ്ഞത്. തമിഴ്നാട് ഉപമുഖ്യമന്ത്രിയായ സ്റ്റാലിന്റെ മകന്‍ ഉദയാനിധി സ്റ്റാലിനാവും മാധവന്റെ റോള്‍ അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത പിന്നീട് ഉദയാനിധി നിഷേധിച്ചു. വിനയ് രാജോ നകുലോ ഈ റോള്‍ ചെയ്യുമെന്നായിരുന്നു തുടര്‍ന്ന് വന്ന വാര്‍ത്തകള്‍. ഒടുവില്‍, ഈ റോള്‍ ചെയ്യുന്നത് ശ്രീകാന്താണെന്ന് ഉറപ്പായിട്ടുണ്ട്.
സര്‍മന്‍ ജോഷി ചെയ്ത വേഷം അവതരിപ്പിക്കാനായി ചിമ്പുവിനെ പരിഗണിച്ചുവെങ്കിലും കഥാപാത്രവുമായി തനിക്ക് ഇണങ്ങാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് ചിമ്പു തടിയൂരി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിനെയും സമീപിച്ചിരുന്നു. സിദ്ധാര്‍ത്ഥും ഈ റോള്‍ നിരാകരിച്ചു. പിന്നീട് ആര്യയെയും ജീവയെയും ഈ റോളിനായി പരിഗണിച്ചുവെങ്കിലും അവസാനം നറുക്ക് വീണത് ജീവയ്ക്കാണ്.
കരീന കപൂര്‍ ചെയ്ത നായികവേഷത്തിന് ശ്രുതി ഹാസനെയും അസിനെയും ക്ഷണിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ കരാറായിരിക്കുന്നത് ഇല്യാനയാണ്. കര്‍ക്കശക്കാരനായ കോളജ് പ്രിന്‍സിപ്പലിനെ പ്രകാശ് രാജ് അവതരിപ്പിക്കും എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ സത്യരാജ് പിന്നീട് ഈ കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടു.