വേഷംകെട്ടലുകള്‍ക്ക് ഫഹദിനെ കിട്ടില്ല!

ഞായര്‍, 13 മെയ് 2012 (15:54 IST)
PRO
PRO
പുതുമുഖനിരയില്‍ ശ്രദ്ധേയനായ നടനായി മാറിക്കഴിഞ്ഞു ഫഹദ് ഫാസില്‍. ഫഹദ് നായകനായ ലാല്‍ജോസ് ചിത്രം ‘ഡയമണ്ട് നെക്ലൈസ്‘ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന ഫഹദ്, സൂപ്പര്‍താരമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട്. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് മാറ്റിയെടുക്കാവുന്ന നടനാണ് ഫഹദ് എന്ന് സംവിധായകരും അഭിപ്രായപ്പെടുന്നു.

പ്രായം മറയ്ക്കാന്‍ മുടികറുപ്പിച്ചും മുടിനട്ടുപിടിപ്പിച്ചും പെടാപ്പാട് പെടുന്നവര്‍ ഏറെയുള്ള മലയാള സിനിമയില്‍ ഫഹദ് എന്ന ചെറുപ്പക്കാരന്‍ വ്യത്യസ്തനാകുന്നു. കഷണ്ടി കയറിയ നെറ്റി കാട്ടി അഭിനയിക്കാന്‍ ഫഹദിന് മടിയൊട്ടുമില്ല. വ്യക്തമായ കാഴ്ചപ്പാടോട് കൂടി തന്നെയാണ് ഫഹദ് ഇതിന് മുതിരുന്നത്.

പിതാവ് ഫാസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തെ അത് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഫഹദിന് സാധിച്ചു. “വാപ്പയ്ക്ക് ഞാന്‍ മോനാണ്. അതിന്റെ സ്നേഹം വാപ്പയ്ക്ക് ഉണ്ടാവും. പക്ഷേ, സിനിമ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് അത് വേണമെന്നില്ല. വേഷംകെട്ടലുകള്‍ അവര്‍ തിരസ്കരിച്ചെങ്കിലോ...ഞാന്‍ ഇങ്ങനെയാണ്. അത് സ്വീകരിക്കപ്പെട്ടെങ്കില്‍ അതെന്റെ ആത്മവിശ്വാസത്തിന്റെ വിജയം കൂടിയാണ്” മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറയുന്നു. പ്രേക്ഷകരുടെ മനസ്സ് തിരിച്ചറിഞ്ഞത് തന്നെയാണ് ഫഹദിന്റെ വിജയരഹസ്യവും.

വെബ്ദുനിയ വായിക്കുക