വിനീത് പറയുന്നു - ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ!

വ്യാഴം, 23 ഫെബ്രുവരി 2012 (13:21 IST)
PRO
വിനീത്‌ ശ്രീനിവാസന്‍ തന്‍റെ രണ്ടാമത്തെ സിനിമ തുടങ്ങുകയാണ്. ഒരു ചെറിയ പ്രണയകഥ. ‘ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ’ എന്ന് ഒറ്റ വാചകത്തില്‍ പറയാം. സിനിമയുടെ ടാഗ് ലൈനും അങ്ങനെ തന്നെയാണ്. ചിത്രത്തിന് പേര് ‘തട്ടത്തില്‍ മറയത്ത്’.

മുസ്ലിം പെണ്‍കുട്ടിയെ പ്രേമിക്കുന്ന ഹിന്ദു പയ്യന്‍റെ കഥ മുമ്പും മലയാളത്തില്‍ പലരും പറഞ്ഞിട്ടുണ്ട്. ചില ചിത്രങ്ങളൊക്കെ വിജയം കണ്ടിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ വിനയന്‍ ‘രഘുവിന്‍റെ സ്വന്തം റസിയ’ എന്ന ചിത്രത്തില്‍ പറഞ്ഞതും ഇതേ തീം ആയിരുന്നു. ഇവയില്‍ നിന്നൊക്കെ എന്തു വ്യത്യസ്തതയാണ് ആ ‘തട്ടത്തില്‍ മറയത്ത്’ വിനീത് ഒളിച്ചുവച്ചിരിക്കുന്നത് എന്നതിലാണ് ആകാംക്ഷ.

‘മലര്‍വാടി ആര്‍ട്സ് ക്ലബി’ലൂടെ വിനീത് ശ്രീനിവാസന്‍ തന്നെ അവതരിപ്പിച്ച നിവിന്‍ പോളിയാണ് തട്ടത്തില്‍ മറയത്തിലെ നായകന്‍. പുതുമുഖം ഹനുഷയാണ് നായിക. വിനീത് തന്നെ തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ഷാന്‍. ക്യാമറ ജോമോന്‍ ടി ജോണ്‍.

ശ്രീനിവാസന്‍ ഈ സിനിമയില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഒരു കാര്യം അറിയാം. ‘തട്ടത്തിന്‍ മറയത്ത്’ നിര്‍മ്മിക്കുന്നത് ശ്രീനിയാണ്. ഒപ്പം മുകേഷുമുണ്ട്. കഥ പറയുമ്പോളിന് ശേഷം ഇവരുടെ ലൂമിയര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയാണ് ‘തട്ടത്തിന്‍ മറയത്ത്’.

വെബ്ദുനിയ വായിക്കുക