വിദേശികള്‍ പോലും എന്റെ ആരാധകര്‍: സന്തോഷ് പണ്ഡിറ്റ്
ചൊവ്വ, 3 ഏപ്രില്‍ 2012 (13:15 IST)
PRO
ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും തരംഗമാകാന്‍ എത്തുകയാണ്. ‘സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ആണ് പുതിയ ചിത്രം. അതിന് ശേഷം ‘മിനിമോളുടെ അച്ഛന്’. ഈ രണ്ട് സിനിമകളുടെ തിരക്കിലാണ് പണ്ഡിറ്റ്. ലക്ഷക്കണക്കിന് ആരാധകരെ തൃപ്തിപ്പെടുത്തി മലയാള സിനിമയിലെ ഈ ‘സ്വയം പ്രഖ്യാപിത’ സൂപ്പര്‍സ്റ്റാര്‍ തന്റെ കര്‍മ്മമേഖലയില്‍ മുന്നോട്ടുപോകുകയാണ്.
തനിക്ക് ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ആരാധകര്‍ ഉണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നത്. വിദേശത്തെ മലയാളികള്‍ അല്ല കേട്ടോ. അമേരിക്കക്കാരും ഇംഗ്ലീഷുകാരുമൊക്കെയാണ് സന്തോഷിന്റെ പുതിയ ആരാധകര്‍.
“എന്റെ മ്യൂസിക് ഈസ് ദ നെയിം ഓഫ് ലവ് എന്ന ഗാനം ഞാന്‍ നെറ്റിലിട്ടു. പുതിയ അപ്ലോഡഡ് വീഡിയോ സേര്‍ച്ചുചെയ്യുന്നതിനിടയില്‍ സായിപ്പുമാരുടെ കണ്ണില്‍ ഇതു പെട്ടു. കാര്യം അത്ര പിടികിട്ടിയില്ലെങ്കിലും സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചായി പിന്നീട് അവരുടെ സേര്‍ച്ചിംഗ്. അവരും എന്റെ ആരാധകരായെന്നു ചുരുക്കം. കാനഡയിലും അമേരിക്കയിലുമൊക്കെ എനിക്ക് ആരാധകരുണ്ട്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ പറയുന്നത്.
“എനിക്ക് അഭിനയം കൊണ്ടു മാത്രമല്ല ആരാധകരെ കിട്ടുന്നത്. സംവിധാനം, സംഗീതം, ലിറിക്സ് എന്നിങ്ങനെ ഓരോ കാറ്റഗറിയിലും എനിക്കു പ്രത്യേകം പ്രത്യേകം ആരാധകരുണ്ട്. പഞ്ച് ഡയലോഗ് ഉള്ളതിനാല്‍ സ്ക്രിപ്റ്റ് റൈറ്റര്‍ എന്നനിലയിലും എനിക്കു ഫാന്‍സുണ്ട്. കുട്ടികളും ഇന്റര്‍നെറ്റ് ആരാധകരുമുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പോലും ആരാധകര്‍ എന്നെ വിളിക്കും. ലോകത്ത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ഇത്?” - സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
“രാത്രി ശിവരാത്രി എന്ന പാട്ടിലെ എന്റെ മൂണ്‍വാക്ക് ഏതോ ഒരു വിരുതന് ആരാധകന് നെറ്റിലിട്ടു. ഒരു ടൈറ്റിലും കൊടുത്തു. 'അല്ലു അര്ജുന് ഔട്ട് സന്തോഷ് ഇന്‍.' ഈ സമയത്താണ് അല്ലുവിന്റെ ആര്യയും ബദരീനാഥും കേരളത്തില്‍ പരാജയപ്പെടുന്നത്. കൃഷ്ണനും രാധയും അപ്പോള്‍ കേരളത്തില്‍ ഓടുന്നുമുണ്ട്. അത് അല്ലു ഔട്ട് സന്തോഷ് ഇന്‍ എന്ന നെറ്റിലെ വാര്‍ത്ത ശരിവച്ചു” - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.