വിജയ് ‘റണ്‍ ബേബി റണ്‍’ കണ്ടു, അമലയെ നായികയാക്കി!

ചൊവ്വ, 30 ഒക്‌ടോബര്‍ 2012 (15:48 IST)
PRO
റണ്‍ ബേബി റണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പ്രശസ്തി തമിഴകത്തും പടരുകയാണ്. ഇളയദളപതി വിജയ് ഈ ചിത്രം കണ്ടതാണ് പുതിയ വാര്‍ത്ത. സിനിമ ഗംഭീരമായെന്ന അഭിപ്രായമാണ് വിജയ്ക്കുള്ളത്. എന്നാല്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നുണ്ടോ എന്നതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. പക്ഷേ, വിജയ് ഈ സിനിമ കണ്ടത് നായിക അമല പോളിന് ഗുണമായി.

എ എല്‍ വിജയ് ‘താണ്ഡവ‘ത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് ആണല്ലോ നായകന്‍. ഈ സിനിമയില്‍ ആരെ നായികയാക്കണം എന്നതു സംബന്ധിച്ച് ഏറെ ആശയക്കുഴപ്പം നിലനില്‍ക്കുകയായിരുന്നു. യാമി ഗൗതം, സാമന്ത, ഡയാന പെന്‍റി തുടങ്ങിയ പേരുകള്‍ അണിയറപ്രവര്‍ത്തകര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വിജയ് ‘റണ്‍ ബേബി റണ്‍’ കണ്ടതോടെ ആരെ നായികയാക്കണമെന്ന കാര്യത്തിലുള്ള ചിന്താകുഴപ്പം അവസാനിച്ചു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ നായിക അമല പോള്‍ തന്നെ!

‘ഇതെനിക്ക് ലഭിച്ച ജന്‍‌മദിന സമ്മാനമാണ്’ - വിജയുടെ നായികയാകാന്‍ ലഭിച്ച അവസരത്തേക്കുറിച്ച് അമല പോള്‍ പ്രതികരിച്ചു. എ എല്‍ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകളില്‍ മുമ്പ് അമല പോള്‍ അഭിനയിച്ചിട്ടുണ്ട്.

ഒടുവിലാന്‍: സംവിധായകന്‍ എ എല്‍ വിജയും അമല പോളും തമ്മില്‍ പ്രണയത്തിലാണ് എന്നൊരു വാര്‍ത്ത ഇടക്കാലത്ത് പ്രചരിച്ചിരുന്നു. പിന്നീട്, ഇരുവരും പിരിഞ്ഞതായും വാര്‍ത്ത വന്നു. ഈ സിനിമ സംഭവിക്കുന്നതോടെ ഇവര്‍ തമ്മിലുള്ള ഗോസിപ്പിന് ചൂടേറുമെന്നുറപ്പ്.

വെബ്ദുനിയ വായിക്കുക