ലാലിനെ കമല്‍ വിമര്‍ശിച്ചതിന്റെ രഹസ്യം!

ശനി, 25 ഫെബ്രുവരി 2012 (12:18 IST)
PRO
PRO
കച്ചവടക്കാര്‍ക്ക് കാശുണ്ടാക്കാന്‍ പരസ്യചിത്രങ്ങള്‍ക്കുവേണ്ടി നല്ല കലാകാരന്മാര്‍ നിന്നുകൊടുക്കരുതെന്ന് സംവിധായകന്‍ കമല്‍ ഈയടുത്ത് പറയുകയുണ്ടായി. മമ്മൂട്ടി, മോഹന്‍‌ലാല്‍, പ്രഥ്വിരാജ്, ജയറാം എന്നിവര്‍ അടക്കം ഏതാണ്ടെല്ലാ പ്രമുഖ താരങ്ങളും പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട് എങ്കിലും കമലിന്റെ വിമര്‍ശനം മോഹന്‍‌ലാലിന് നേര്‍ക്കായിരുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കഥ. കമലിന്റെ മോഹന്‍‌ലാല്‍ വിമര്‍ശനത്തിന് പിന്നില്‍ ഒരു കഥയും ഉണ്ടെത്രെ. താന്‍ പ്ലാന്‍ ചെയ്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതാണ് കമലിനെ പ്രകോപിപ്പിച്ചതെത്രെ!

മലയാള സിനിമയിലെ പഴയകാല നായിക റോസിയുടെ ജീവിതകഥ സിനിമയാക്കാനുള്ള ഒരു പദ്ധതി കമലിന് ഉണ്ടായിരുന്നു. തിരക്കഥയും രചിച്ചുവെത്രെ. 'നഷ്‌ടനായിക' എന്ന പേരിലാണ് ഈ സിനിമ ചെയ്യാന്‍ കമല്‍ തീരുമാനിച്ചത്. സിനിമയില്‍ നായകനായി മോഹന്‍‌ലാലിനെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, നായികയ്ക്ക് പ്രാധാന്യമുള്ള സിനിമയില്‍ അഭിനയിച്ചാല്‍ തന്റെ ഉള്ള താരമൂല്യവും പോയിക്കിട്ടുമോ എന്ന തോന്നലാല്‍ പ്രൊജക്ടില്‍ നിന്ന് മോഹന്‍‌ലാല്‍ പിന്‍‌മാറിയെത്രെ.

തന്റെ സിനിമയില്‍ നിന്ന് ലാല്‍ പിന്‍‌മാറിയതിന്റെ ചൊരുക്കാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിനിടയില്‍ ‘സൂപ്പര്‍‌താര വിമര്‍ശന’മായി കമലിന്റെ വായില്‍ നിന്ന് പൊഴിഞ്ഞത് എന്നാണ് മാധ്യമഭാഷ്യം.

ഉണ്ണികളെ ഒരു കഥ പറയാം, ഉള്ളടക്കം, അയാള്‍ കഥയെഴുതുകയാണ് എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകള്‍ കമല്‍ - മോഹന്‍‌ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് വിരിഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കേ, മോഹന്‍‌ലാലിനെ മാത്രം ഉദ്ദേശിച്ചായിരിക്കില്ല കമല്‍ വിമര്‍ശനം ഉയര്‍ത്തിയത് എന്ന് വാദിക്കുന്നവരുമുണ്ട്.

എന്തായാലും ഒരു കാര്യം സത്യമാണ്. തെന്നിന്ത്യയിലെ ഏറ്റവും വിലയുള്ള താരരാജാക്കന്‍‌മാരായ രജനീകാന്തും കമലും കോടികള്‍ നല്‍‌കാമെന്ന് പറഞ്ഞാല്‍ പോലും പരസ്യ ചിത്രങ്ങളില്‍ മുഖം കാണിക്കാന്‍ വിസമ്മതിക്കുമ്പോള്‍ പലിശക്കമ്പനികള്‍ക്കും ജ്വല്ലറികള്‍ക്കും ബാങ്കുകള്‍ക്കും പണമുണ്ടാക്കാന്‍ സ്വയം വില്‍‌ക്കുന്ന മലയാളി സിനിമാ താരങ്ങളുടെ രീതി വിമര്‍ശിക്കപ്പെടേണ്ടത് തന്നെ!

വെബ്ദുനിയ വായിക്കുക