യോഹന്‍ വീണ്ടും, ഗൌതം മേനോന്‍ - വിജയ് ചിത്രം വരുന്നു?

ശനി, 31 ജനുവരി 2015 (15:34 IST)
ഇളയദളപതി വിജയ് നായകനാകുന്ന 'യോഹന്‍ അധ്യായം ഒണ്‍‌ട്ര്' എന്ന സിനിമ വീണ്ടും ആരംഭിക്കാന്‍ ആലോചന. സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. 
 
"പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കേണ്ട സിനിമയായിരുന്നു 'യോഹന്‍ അധ്യായം ഒണ്‍‌ട്ര്'. ഏറെ ഇംഗ്ലീഷ് ഭാഗങ്ങളുള്ളതിനാല്‍ തമിഴ് പ്രേക്ഷകര്‍ക്ക് രസിക്കില്ലെന്ന് പറഞ്ഞ് വിജയ് ആ സിനിമ വേണ്ടെന്നുവച്ചു. തിരക്കഥയില്‍ മാറ്റം വരുത്തി വീണ്ടും ആ ചിത്രം ആലോചിക്കുന്നുണ്ട്. യോഹന്‍ ഉപേക്ഷിച്ചിട്ടില്ല" - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഗൌതം മേനോന്‍ വ്യക്തമാക്കി.
 
തൂത്തുക്കുടി സ്വദേശിയായ ഒരു സാധാരണക്കാരന്‍ ലോകമെമ്പാടും നെറ്റുവര്‍ക്കുള്ള ഒരു ക്രിമിനലായി മാറുന്നതായിരുന്നു ചിത്രത്തിന്‍റെ കഥ. എല്ലാ രാജ്യങ്ങളിലെയും പൊലീസിന്‍റെ മോസ്റ്റ് വാണ്ടഡായിട്ടുള്ള കുറ്റവാളിയായി അയാള്‍ മാറുന്നു. വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ട് അയാള്‍ നടത്തുന്ന ലോക സഞ്ചാരമാണ് ‘യോഹന്‍: അധ്യായം ഒണ്‍‌റ്’ എന്ന ചിത്രത്തിന്‍റെ പ്രമേയം. യോഹന്‍ എന്ന നായക കഥാപാത്രത്തെയാണ് വിജയ് അഭിനയിക്കാനിരുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്‍റെ ക്യാമറ മനോജ് പരമഹംസയെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ വിജയ് വിസമ്മതം അറിയിച്ചതോടെ ചിത്രം അന്ന് വേണ്ടെന്നുവയ്ക്കാന്‍ ഗൌതം മേനോന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
 
യോഹന്‍ ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് അന്ന് ഗൌതം മേനോന്‍ വെളിപ്പെടുത്തിയത് ഇങ്ങനെയാണ് : “ആറുമാസം കുത്തിയിരുന്ന് കഥ ശരിയാക്കി, എല്ലാ ജോലികളും പൂര്‍ത്തിയാക്കി, അടുത്തയാഴ്ച ഷൂട്ടിംഗ് ആരംഭിക്കാം എന്ന സ്ഥിതിയില്‍ വരെ എത്തിയിരുന്നു കാര്യങ്ങള്‍. ലൊക്കേഷനുകള്‍ എല്ലാം റെഡിയായി, എ ആര്‍ റഹ്‌മാന്‍, ലണ്ടനിലെ ടെക്നീഷ്യന്‍സ് എല്ലാം റെഡിയായി. ഷൂട്ടിംഗിനായി യാത്രയാകാമെന്ന് നിശ്ചയിച്ചുറപ്പിച്ച ഘട്ടത്തില്‍ ‘എനിക്ക് കഥ ഇഷ്ടമായില്ല’ എന്ന് വിജയ് അറിയിച്ചു. ഒരു വിജയ് സിനിമയ്ക്ക് വേണ്ടി രണ്ടുതവണ ശ്രമിച്ച് ഞാന്‍ പരാജയപ്പെട്ടതാണ്. ഇപ്പോള്‍ വളരെ കഷ്ടപ്പെട്ടാണ് ഒരു കഥ റെഡിയാക്കിയത്. അതുകൊണ്ടുതന്നെ ‘എന്താണ് കാരണം സാര്‍?” എന്ന് ചോദിച്ചു ഞാന്‍” - ഗൌതം മേനോന്‍ വെളിപ്പെടുത്തിയിരുന്നു.
 
“ഇല്ല. വേണ്ട. എന്താണെന്നു പറയാന്‍ കഴിയുന്നില്ല. എനിക്ക് സെറ്റ് ആകുന്നില്ല” എന്നാണ് വിജയ് പറഞ്ഞത്. എന്നാല്‍ കാരണം എന്താണെന്ന് അപ്പോഴും പറഞ്ഞില്ല. ഹീറോ തന്നെ പടം ചെയ്യേണ്ട എന്നുപറഞ്ഞാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? - ഗൌതം മേനോന്‍ വ്യക്തമാക്കി.
 
“വേറൊരു കഥ റെഡിയാക്കാമെന്നുവരെ പറഞ്ഞുനോക്കി ഞാന്‍. ‘ഇല്ല. ഞാന്‍ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പടത്തിനായി പോകുന്നു’ എന്ന് പറഞ്ഞു അദ്ദേഹം. ഇതില്‍ക്കൂടുതല്‍ ഞാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ. അതിനുശേഷം ഞാനാണ് സംവിധായകന്‍ വിജയ്ക്ക് ഫോണ്‍ ചെയ്ത് ‘റെഡിയായി ഇരിക്കുക. വിജയ് നിങ്ങള്‍ക്ക് ഫോണ്‍ ചെയ്യും’ എന്ന് പറഞ്ഞത്. ഇതാണ് സംഭവിച്ചത്” - ഗൌതം മേനോന്‍ അന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
 
“യോഹന്‍: അധ്യായം ഒണ്‍‌റ് എന്ന പ്രൊജക്ട് പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. അദ്ദേഹം വലിയ ഹീറോയാണ്. ‘കാക്ക കാക്ക’ എന്ന ചിത്രത്തിന്‍റെ കഥ പോലും ആദ്യം വിജയോടാണ് പറഞ്ഞത്. അന്നും അത് വര്‍ക്കൌട്ട് ആയില്ല. അടുത്ത് ഒരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും വിജയെ വച്ച് ഒരു സിനിമയെടുക്കും” - അന്ന് ഗൌതം മേനോന്‍ പറഞ്ഞിരുന്നു.
 
ഈ സിനിമ വേണ്ടെന്നുവച്ച് വിജയ് അഭിനയിച്ചത് എ എല്‍ വിജയ് സംവിധാനം ചെയ്ത 'തലൈവാ' എന്ന സിനിമയിലായിരുന്നു. എന്നാല്‍ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

വെബ്ദുനിയ വായിക്കുക