മലയാളികളുടെ പ്രിയപ്പെട്ട താരമായ മോഹന്‍ലാലിന് ലഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചിട്ട് അധികനാളായിട്ടില്ല. അതിനിടെ, രാജ്യസഭാംഗമായി മോഹന്‍ലാലിനെ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളില്‍ കഴിവ് തെളിയിച്ചവരെ രാജ്യസഭാംഗമായി തെരഞ്ഞെടുക്കുന്ന പതിവുണ്ട്. ഇതിലേക്കാണെത്രെ മോഹന്‍ലാലിനെ പരിഗണിക്കുന്നത്.
എന്നാല്‍ ലാലിന് ലഫ്റ്റനന്‍റ് കേണല്‍ പദവി കിട്ടിയതിനും ഇപ്പോള്‍ രാജ്യസഭാംഗമാകാന്‍ പരിഗണിക്കുന്നതിനും പിന്നില്‍ രാഷ്ട്രീയ കരുനീക്കങ്ങളാണെന്ന് മമ്മൂട്ടി ഫാന്‍സുകാര്‍ ആരോപിക്കുന്നു. അസല്‍ കോണ്‍ഗ്രസുകാരനാണ് ലാലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി ലാലിനെ ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് എറിയുന്ന ചൂണ്ടകളാണെത്രെ ലഫ്റ്റനന്‍റ് കേണല്‍ പദവിയും രാജ്യസഭാംഗമാക്കാമെന്ന വാഗ്ദാനവും!
താന്‍ കോണ്‍ഗ്രസുകാരനാണെന്ന് ഒരിക്കല്‍പോലും മോഹന്‍ലാല്‍ പറഞ്ഞിട്ടില്ല. മമ്മൂട്ടിയാവട്ടെ, ഉറച്ച കമ്യൂണിസ്റ്റ് അനുഭാവിയാണ് താനും. പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി. മോഹന്‍ലാലിനോളമോ അല്ലെങ്കില്‍ കൂടുതലോ ജനപ്രീതിയുള്ള, ഒപ്പം അഭിനയരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള മമ്മൂട്ടിക്ക് സാമൂഹികാംഗീകാരങ്ങളും സര്‍ക്കാര്‍ പദവികളും നേടിക്കൊടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വരണമെന്നാണ് മമ്മൂട്ടി ഫാന്‍സുകാര്‍ ആവശ്യപ്പെടുന്നത്.
മമ്മൂട്ടി ഫാന്‍സിന് മാത്രമല്ല ആരോപണമുള്ളത്. ലാലേട്ടന്‍ രാജ്യസഭാംഗമായേക്കും എന്ന വാര്‍ത്ത വന്നയുടന്‍ മമ്മൂട്ടിയോട് ചായ്‌വുള്ളവര്‍ മമ്മൂട്ടിയെ രാജ്യസഭാംഗമാക്കാന്‍ കരുനീക്കം നടത്തുന്നതായി ലാല്‍ ഫാന്‍സുകാര്‍ ആരോപിക്കുന്നു. കേരളത്തില്‍ നിന്ന് ഇതിനാവശ്യമായ ചരടുവലികള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ലാലേട്ടനും മമ്മൂട്ടിയും തമ്മിലൊരു മത്സരം കേരളത്തിന് ലഭിക്കേണ്ട രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തിയേക്കുമെന്ന് മറ്റുചിലര്‍ കരുതുന്നു.
നിലവില്‍ ഏഴ് രാജ്യസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഈ സീറ്റുകളിലേക്കുള്ള ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കേരളത്തിനും പ്രാതിനിധ്യം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. പത്മശ്രീ, ഭരത് പുരസ്കാരങ്ങളും ലഫ്റ്റനന്‍റ് കേണല്‍ പദവിയും ലഭിച്ചിട്ടുള്ള ലാലിനാണ് ഇത്തവണ സാധ്യത എന്നാണ് കരുതപ്പെടുന്നത്.
ജീവിതത്തിന്റെ വിവിധ തുറകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്‍കുന്ന ഈ രാജ്യസഭാംഗത്വം അവസാനമായി ലഭിച്ചത് കവി ജി ശങ്കരക്കുറുപ്പിനാണ്. ശങ്കരക്കുറിപ്പിന് ശേഷം ഇതുവരെ കേരളത്തിന് ഈ അവസരം ലഭിച്ചിട്ടില്ല. ഇത്തവണ കേരളത്തിന് അവസരമുണ്ടാവും എന്നാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും പ്രതിജ്ഞയെടുത്തിരിക്കുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ അടൂര്‍ ഗോപാലകൃഷ്ണന്‍, ഒ എന്‍ വി കുറുപ്പ് എന്നിവരും പരിഗണനാ ലിസ്റ്റില്‍ ഉണ്ടെന്ന് അറിയുന്നു.
ലാലിനായാലും മമ്മൂട്ടിക്കായാലും കേരളത്തിനൊരു രാജ്യസഭാംഗത്വം ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.