മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. കഴുത്തിനും നട്ടെല്ലിനും കാലിനും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മോഹന്‍ലാലിനെ എറണാകുളം അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് പ്രവേശിപ്പിച്ചത്.
മോഹന്‍ലാലിന് ഓപ്പറേഷന് വേണ്ടിവരുമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹത്തിന് കാലുവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ കാരണം ചികിത്സ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വേദന അസഹ്യമായതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ചികിത്സയ്ക്ക് വിധേയനായിരിക്കുന്നത്.
വലിയ ആക്ഷന്‍ സീക്വന്‍സുകളില്‍ തുടര്‍ച്ചയായി ഡ്യൂപ്പില്ലാതെ അഭിനയിച്ചത് മോഹന്‍ലാലിന്റെ കാലുവേദന വര്‍ദ്ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. അടുത്തിടെ മിസ്റ്റര്‍ ഫ്രോഡ് പോലെയുള്ള ചില സിനിമകളിലെ സൂപ്പര്‍ സ്റ്റണ്ട് രംഗങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മോഹന്‍ലാല്‍ കാഴ്ചവച്ചത്.
ഇപ്പോള്‍ പെരുച്ചാഴി എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തില്‍ പങ്കെടുത്തുവരികയായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ആരാധകരില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.